ക്രോം എഐ ഏജന്റുകളെ പരിശീലിപ്പിക്കാൻ വ്യാജ ഇന്റർനെറ്റ് വികസിപ്പിച്ച് ഗൂഗിൾ, 'മിറർ ഡൈമെൻഷൻ' പരിചയപ്പെടാം

എഐ ഏജന്റുകളെ സുരക്ഷിതമായി പരിശീലിപ്പിക്കുന്നതിനായി യഥാർഥ ഇന്റർനെറ്റിന് സമാനമായ വ്യാജ ഇന്റർനെറ്റ് ലോകം ഒരുക്കി ഗൂഗിൾ. ‘മിറർ ഡൈമൻഷൻ’ (Mirror Dimension) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിൽ ഷോപ്പിങ് വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ, ബാങ്കിങ് ഡാഷ്ബോർഡുകൾ തുടങ്ങി നിരവധി വെബ്സൈറ്റുകളുടെ വ്യാജ പതിപ്പുകളുണ്ട്. ക്രോം ബ്രൗസറിലെ ജെമിനി അധിഷ്ഠിത ‘ഓട്ടോ ബ്രൗസ്’ ഫീച്ചറിന് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക, ഫോമുകൾ പൂരിപ്പിക്കുക, പോഡ്കാസ്റ്റുകൾ ഡൗൺലോഡ് ചെയ്യുക, ഓൺലൈൻ ഷോപ്പിങ് നടത്തുക തുടങ്ങിയ കാര്യങ്ങൾ പരിശീലിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ സെക്യൂരിറ്റി ബ്ലോഗിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
മിറർ ഡൈമൻഷൻ നിർമിച്ചത് എന്തിന് വേണ്ടി?
യഥാർഥ ഇന്റർനെറ്റിൽ എഐ ഏജന്റുകളെ പരിശീലിപ്പിക്കുന്നത് നിരവധി സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിക്കുന്നതിനാലാണ് ഗൂഗിൾ ഈ സംവിധാനം വികസിപ്പിച്ചത്. വെബ്സൈറ്റുകളിൽ നിരന്തരം മാറ്റങ്ങൾ വരുന്നതിനാൽ ഒരേ പരീക്ഷണം ആവർത്തിച്ച് നടത്തുക പ്രയാസമാണ്. കൂടാതെ, പരിശീലനത്തിലുള്ള എഐയുടെ പിഴവുകൾ യഥാർഥ ഉപയോക്തൃ അക്കൗണ്ടുകളെയും വിവരങ്ങളെയും ബാധിക്കാനും സാധ്യതയുണ്ട്. ഇതിന് പുറമെ, തങ്ങൾ പരീക്ഷണത്തിലാണെന്ന് തിരിച്ചറിയുന്ന എഐ മോഡലുകൾ സാധാരണ സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമായി പെരുമാറുന്ന ‘ഇവാൽ അവയർനെസ്’ പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്. gVisor സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച സുരക്ഷിത ഡിജിറ്റൽ സാൻഡ്ബോക്സിലാണ് മിറർ ഡൈമൻഷൻ പ്രവർത്തിക്കുന്നത്. എഐ സന്ദർശിക്കാൻ ശ്രമിക്കുന്ന യഥാർഥ വെബ് അഡ്രസുകളിലേക്ക് അവയുടെ വ്യാജ പതിപ്പുകളാണ് ലഭ്യമാക്കുന്നത്. എന്നാൽ ക്രോം അഡ്രസ് ബാറിൽ യഥാർഥ വെബ് വിലാസം തന്നെയായിരിക്കും കാണുക.
വ്യാജ വെബ് ലോകമൊരുക്കാനും എഐ ഏജന്റുകളുടെ സഹായം
ആയിരക്കണക്കിന് വെബ്സൈറ്റുകൾ നിർമിക്കുന്നതിനായി ഗൂഗിൾ മറ്റ് എഐ ഏജന്റുകളുടെയും സഹായം തേടുന്നുണ്ട്. റിസർച്ച് ഏജന്റുകൾ വെബ്സൈറ്റുകളുടെ രൂപവും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും. ബിൽഡർ ഏജന്റുകൾ അവയുടെ കോഡ് തയ്യാറാക്കും. തുടർന്ന് ക്രിട്ടിക് ഏജന്റുകൾ ക്രോം ഡെവലപ്പർ ടൂളുകൾ ഉപയോഗിച്ച് വെബ്സൈറ്റുകൾ പരിശോധിച്ച് പിഴവുകൾ കണ്ടെത്തും. ഷോപ്പിങ് കാർട്ടുകൾ, പ്രമോഷൻ കോഡുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള ഓൺലൈൻ സ്റ്റോറുകൾ മുതൽ പാചകക്കുറിപ്പുകൾ ലഭിക്കുന്ന വെബ്സൈറ്റുകൾ, പ്രാദേശിക മാർക്കറ്റ്പ്ലേസുകൾ, ബാങ്കിങ് ഡാഷ്ബോർഡുകൾ എന്നിവ വരെ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. വെബ്പേജുകളിലെ ടെക്സ്റ്റുകളിലും ചിത്രങ്ങളിലും രഹസ്യ നിർദേശങ്ങൾ ഒളിപ്പിച്ച് എഐയെ നിയന്ത്രിക്കുന്ന പ്രോംപ്റ്റ് ഇൻജക്ഷൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരീക്ഷണങ്ങളും ഇവിടെ നടക്കുന്നുണ്ട്.
ഈ സംവിധാനം ഉപയോഗിച്ച് ഒരു സുരക്ഷാ എൻജിനീയർക്ക് പ്രതിദിനം 1,000-ത്തിലധികം ആക്രമണ പരീക്ഷണങ്ങൾ സൃഷ്ടിക്കാനാകും. മനുഷ്യർക്ക് നേരിട്ട് നിർമിക്കാനാകുന്നതിന്റെ 30 മടങ്ങിലധികമാണിത്. എന്നാൽ പരീക്ഷണങ്ങളിൽ എഐ എത്രത്തോളം വിജയിക്കുന്നുണ്ടെന്ന കണക്ക് ഗൂഗിൾ പുറത്തുവിട്ടിട്ടില്ല. സംശയാസ്പദമായ സാഹചര്യങ്ങളിൽ പ്രവർത്തനം നിർത്തി ഉപയോക്താവിന്റെ അനുമതി തേടേണ്ടത് എപ്പോഴാണെന്ന് തിരിച്ചറിയാനുള്ള കഴിവ് എഐ ഏജന്റ് വികസിപ്പിച്ചുവരികയാണെന്ന് ക്രോം എഐ സെക്യൂരിറ്റി എൻജിനീയർ ചാൾസ് ക്വിയാൻ പറഞ്ഞു. നിലവിലെ പരീക്ഷണ ഏജന്റുകൾക്ക് ഹാക്കിങ് ശേഷിയില്ലെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. ഭാവിയിൽ എഐ കൂടുതൽ വികസിക്കുന്നതിനനുസരിച്ച് മിറർ ഡൈമൻഷൻ കൂടുതൽ യാഥാർഥ്യത്തോട് അടുത്ത രീതിയിൽ വികസിപ്പിക്കുമെന്ന് എൻജിനീയറിങ് ഡയറക്ടർ ഡഗ് ടർണറും അറിയിച്ചു.
Content Highlights: Google has created 'Mirror Dimension,' a simulated fake internet environment built on a gVisor digital sandbox, to safely train Chrome's Gemini-powered Auto Browse AI agents without risking real user accounts or data.