Gemini 3.8 Flash എഐ മോഡലുമായി ഗൂഗിൾ, മറ്റുള്ളവയെ വെല്ലുമെന്ന് പിച്ചൈ; ചെലവ് ഗണ്യമായി കുറയും

#ടെക്‌നോളജി ഡെസ്‌ക്
1. സുന്ദര്‍ പിച്ചൈ 2. പ്രതീകാത്മകചിത്രം | Photo - AP, Getty
1. സുന്ദര്‍ പിച്ചൈ 2. പ്രതീകാത്മകചിത്രം | Photo - AP, Getty

നിർമിതബുദ്ധി (എഐ)യിൽ എതിരാളികളെ ഞെട്ടിച്ച് ശക്തമായ മുന്നേറ്റം നടത്തി ഗൂഗിൾ. കോഡിങ്ങിൽ മിന്നുന്ന പ്രകടനവുമായി ജെമിനി 3.8 ഫ്‌ളാഷ് (Gemini 3.8 Flash) കമ്പനി പുറത്തിറക്കി. ക്ലോഡ് ഓപ്പസ് 5 (Claude Opus 5), ജിപിടി-5.6 സോൾ (GPT-5.6 Sol) തുടങ്ങിയ നൂതന മോഡലുകളുമായി ജെമിനി 3.8 ഫ്‌ളാഷിന് മത്സരിക്കാനാകുമെന്നും വളരെ കുറഞ്ഞ ചെലവിൽ ഇത് സാധ്യമാക്കുമെന്നും ഗൂഗിൾ പറയുന്നു. കോഡിങ്ങിൽ എതിരാളികളായ ഓപ്പൺഎഐക്കും ആന്ത്രോപിക്കിനും അൽപ്പം പിന്നിലാണ് ഗൂഗിളെന്ന് സിഇഓ സുന്ദർ പിച്ചൈ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. ഈ വിടവ് നികത്തുന്നതാണ് ജെമിനി 3.8 ഫ്‌ളാഷ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്‌സിലൂടെയാണ് പുതിയ എഐ മോഡലിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. വെറും ആറ് ആഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ ഫ്‌ളാഷ് റിലീസ് ആണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഫ്‌ളാഷ് മോഡലുകൾ ചെറുതാണ്. വലിയ മോഡലുകളിൽനിന്ന് വ്യത്യസ്തമായി നൂറുകണക്കിന് ബില്യൺ പാരാമീറ്ററുകളിലാണ് ഇവ പരിശീലനം നേടുന്നത്. ഇവ പ്രവർത്തിപ്പിക്കാനും ചെലവ് കുറവാണ്.

സങ്കീർണ്ണമായ എഞ്ചിനീയറിങ് പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കുന്നതിൽ ജെമിനി 3.8 ഫ്‌ളാഷ് ഭൂരിഭാഗം വലിയ ഫ്രണ്ടിയർ മോഡലുകളെയും അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുവെന്ന് ബെഞ്ച്മാർക്കുകൾ വ്യക്തമാക്കുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്, മൾട്ടി-സ്റ്റെപ്പ് റീസണിങ് തുടങ്ങിയ ജോലികളിൽ ജെമിനി 3.7 ഫ്‌ളാഷിനെ അപേക്ഷിച്ച് ഈ മോഡൽ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട് - അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യ ആകർഷണം ചെലവ് കുറവ്

2026 ഡിസംബർ 31 വരെ പെർ മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് 75 സെന്റും (ഏകദേശം 70 രൂപ), പെർ മില്യൺ ഔട്ട്പുട്ട് ടോക്കണുകൾക്ക് 3.75 ഡോളറും (ഏകദേശം 350 രൂപ) എന്ന ആമുഖ വിലയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പ്രയാസകരമായ ജോലികളിൽ മോഡൽ കൂടുതൽ ടോക്കണുകൾ ഉപയോഗിച്ചേക്കാമെന്ന് ഗൂഗിൾ പറയുന്നു. ഡിസംബർ 31 ന് ശേഷം നിരക്കുകൾ പെർ മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് 1.5 ഡോളറായും (ഏകദേശം 140 രൂപ) ഔട്ട്പുട്ട് ടോക്കണുകൾക്ക് 7.5 ഡോളറായും (ഏകദേശം 700 രൂപ) വർദ്ധിക്കും.

ആന്ത്രോപ്പിക്കിന്റെ ക്ലോഡ് ഓപ്പസ് 5-ന് പെർ മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് 5 ഡോളറും (ഏകദേശം 470 രൂപ) ഔട്ട്പുട്ട് ടോക്കണുകൾക്ക് 25 ഡോളറും (ഏകദേശം 2350 രൂപ) വരും. OpenAI-യുടെ GPT-5.6 സോളിന് പെർ മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് 4 ഡോളറും (ഏകദേശം 375 രൂപ) ഔട്ട്പുട്ട് ടോക്കണുകൾക്ക് 20 ഡോളറും (ഏകദേശം 1890 രൂപ) നൽകേണ്ടിവരും. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഗൂഗിളിന്റെ പുതിയ എഐ മോഡൽ എത്രത്തോളം കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയും എന്ന് വ്യക്തമാകുക.

എഐ മത്സരത്തിൽ ചെലവ് ഒരു പ്രധാന ഘടകമായി മാറുന്നുവെന്ന സൂചനയാണ് ഗൂഗിളിന്റെ പുതിയ നീക്കം നൽകുന്നത്. മെറ്റയും സമാനമായ എഐ മോഡലുമായി അടുത്തിടെ രംഗത്തെത്തിയിരുന്നു. കോഡിങ്ങിന് ഏറ്റവും പ്രാധാന്യമുള്ള എന്റർപ്രൈസ് വിപണിയിൽ കുറഞ്ഞ ചെലവ് ഗൂഗിളിന്  മുൻതൂക്കം നൽകിയേക്കാം. എന്നിരുന്നാലും, ചൈനീസ് ഓപ്പൺ-വെയിറ്റ് മോഡലുകളായ കിമി കെ3 (Kimi K3) പോലുള്ളവയും പ്രവർത്തിപ്പിക്കാൻ കൂടുതൽ ചെലവുകുറഞ്ഞതാണെന്ന കാരണത്താൽ അടുത്തിടെ ജനപ്രീതി നേടിയിട്ടുണ്ട്.

Content Highlights: Google released Gemini 3.8 Flash, matching GPT-5.6 Sol and Claude Opus 5 in coding performance at a fraction of the cost., Introductory pricing runs until December 31, 2026, at 75 cents per million input tokens., Google also launched Gemini 3.8 Flash Cyber under the Fairwind Program for vulnerability discovery., US AI companies face intense price competition from low-cost Chinese models and enterprise budget constraints.