മലയാളികളുടെ സ്വന്തം 'മേഡ് ഇന്‍ ഇന്ത്യ' വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനം 'ഫോക്കസ്' അവതരിപ്പിച്ചു

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക് സ്റ്റാര്‍ട്ട്അപ്പ് സ്‌കൈലിമിറ്റ് ടെക്‌നോളജീസ് സെയില്‍സ് ഫോക്കസ് ടീമിന്റെ പിന്തുണയോടെ തദ്ദേശീയമായി വികസിപ്പിച്ച പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം 'ഫോക്കസ്' അവതരിപ്പിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മാസം കൊണ്ടാണ് ഫോക്കസ് വികസിപ്പിച്ചെടുത്തത്. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമായ ഈ സേവനം കോണ്‍ഫറന്‍സിങിന് മികച്ച സുരക്ഷയുണ്ടാകുമെന്ന് സ്‌കൈലിമിറ്റ് ടെക്‌നോളജീസ് വാഗ്ദാനം ചെയ്യുന്നു.
ലളിതമായ ക്ലിക്ക് മീറ്റിങുകള്‍ ഷെഡ്യൂള്‍ ചെയ്യുക, ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ, സുരക്ഷിതമായ അനുഭവം, ഏതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും ലൈവ് പോകുവാനുള്ള ഓപ്ഷന്‍, അനായാസമായ സ്‌ക്രീന്‍ ഷെയര്‍ സൗകര്യം, ബില്‍റ്റ് ഇന്‍ റെക്കോര്‍ഡിംഗ് സവിശേഷത, സംയോജിത ചാറ്റ് ഓപ്ഷന്‍, ഫയല്‍ ഷെയറിങ്, റിമോട്ട് സപ്പോര്‍ട്ട് തുടങ്ങിയ സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം ഫോക്കസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യൂസര്‍നെയിം, ബ്രൗസര്‍ വിശദാംശങ്ങള്‍, ഐപി വിലാസം, ഓരോ അംഗവും ചെലവഴിച്ച വ്യക്തിഗത സമയം, ഓരോ അംഗത്തിന്റേയും സ്ഥാനം എന്നിവ ഉള്‍പ്പെടുന്ന ഇമെയില്‍ വഴി ലഭിക്കുന്ന മീറ്റിംഗ് റിപ്പോര്‍ട്ടുകള്‍ പോലുള്ള സവിശേഷതകള്‍ മറ്റ് സമാന പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ഫോക്കസിനെ വ്യത്യസ്തമാക്കുന്നു.
ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മാക്ക് ഒഎസ് കമ്പ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും. സമാനമായ മറ്റേതൊരു പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യത്യസ്തമായി ഇത് പരിധിയില്ലാതെ അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള സൗകര്യമൊരുക്കുന്നുണ്ട്. വരുന്ന രണ്ട് മാസത്തേക്ക് ഇത് സൗജന്യമായി ലഭ്യമാകും, മാത്രമല്ല ലോകത്തെവിടെനിന്നും https://fokuz.io യിലൂടെ ഇത് ആക്‌സസ് ചെയ്യാന്‍ സാധിക്കും.
രമ്യ ഹരിദാസ് എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡിസിബി ബാങ്ക് ഇന്നൊവേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ആര്‍ക്കിടെക്ച്ചര്‍ മേധാവി പ്രസന്ന ലാഹര്‍, കോര്‍പ്പറേറ്റ് പരിശീലകനും, ബിസിനസ് കോച്ചുമായ ഷമീം റഫീഖ്, ടെക്-ട്രാവല്‍ ഇന്‍ഫ്‌ലുവെന്‍സര്‍ സുജിത്ത് ഭക്തന്‍, മറാത്തി സിനിമ താരം മിലിന്‍ഡ് ഗാവ്‌ലി, സെയില്‍സ് ഫോക്കസ് സിഇഒ മാനോഥ് മോഹന്‍ എന്നിവര്‍ ഫോക്കസിന്റെ ഡിജിറ്റല്‍ അവതരണ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: fokuz video conferencing made in india kerala kochi
Content Highlights: