മുൻകാമുകിയെ കൊല്ലുമെന്ന് ചാറ്റ്ജിപിടിയോട് പറഞ്ഞു; യുവാവിനെ കുടുക്കി ഓപ്പൺഎഐ, ഒടുവിൽ അറസ്റ്റ്

#ടെക്നോളജി ഡെസ്ക്
Chat GPT | Photo: Gettyimages
Chat GPT | Photo: Gettyimages

മുൻകാമുകിയെ ബലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയോട് വെളിപ്പെടുത്തിയ ഫ്ലോറിഡ സ്വദേശിയായ 25-കാരൻ അറസ്റ്റിലായി. ഡാരൻ ഷൗ എന്ന യുവാവാണ് പിടിയിലായത്. ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐ യുവാവിന്റെ സന്ദേശങ്ങളിലെ അപകടസാധ്യത തിരിച്ചറിഞ്ഞ് വിവരം ഉടൻതന്നെ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.യെ അറിയിക്കുകയായിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

കോടതിരേഖകൾ അനുസരിച്ച്, ആറുമാസത്തെ പ്രണയബന്ധം അവസാനിച്ചതിനെത്തുടർന്നാണ് മാർച്ച് മാസം മുതൽ ഡാരൻ ചാറ്റ്ജിപിടി ഉപയോഗിച്ചുതുടങ്ങിയത്. തുടക്കത്തിൽ പ്രണയബന്ധം തകർന്നതിനെക്കുറിച്ചും, കാമുകിയുടെ താത്പര്യങ്ങൾ, അവൾ പോകുന്ന സ്ഥലങ്ങൾ, തന്റെ അസൂയ, വീണ്ടും ഒന്നാകാനുള്ള ആഗ്രഹം എന്നിവയെക്കുറിച്ചുമാണ് ഇയാൾ ചാറ്റ്ബോട്ടിൽ സംസാരിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ സംഭാഷണങ്ങൾ അക്രമവും കൊലപാതകവും ആത്മഹത്യയും ആസൂത്രണംചെയ്യുന്ന രീതിയിലേക്ക് മാറുകയായിരുന്നു.

"ഈ മാസം അവസാനത്തോടെ ഞാൻ അവളെ കൊലപ്പെടുത്തും", "എനിക്ക് ലഭിക്കില്ലെങ്കിൽ മറ്റാർക്കും അവൾ വേണ്ട" എന്നിങ്ങനെയുള്ള കടുത്ത വധഭീഷണികൾ ഡാരൻ ചാറ്റ്ജിപിടിയോട് പങ്കുവെച്ചു. തോക്കുചൂണ്ടി മുൻകാമുകിയെ സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുമെന്നും ലൈംഗികമായി പീഡിപ്പിക്കുമെന്നും ഇയാൾ ചാറ്റുകളിൽ വിശദീകരിച്ചിരുന്നു. തന്റെ പക്കൽ എ.ആർ-15 മോഡൽ റൈഫിൾ, ഗ്ലോക്ക് ഹാൻഡ്ഗൺ, 12-ഗേജ് ഷോട്ട്ഗൺ എന്നിവയുണ്ടെന്നും ഇയാൾ ചാറ്റ്ജിപിടിയോട് വെളിപ്പെടുത്തി. കൂടാതെ കാമുകിക്ക് തോക്കുകളുടെയും, കയ്യുറകളുടെയും മറ്റും ചിത്രങ്ങൾ അയച്ചിട്ടുണ്ടെന്നും ഇയാൾ ചാറ്റ്ബോട്ടിൽ പറഞ്ഞിരുന്നു.

ഓപ്പൺഎഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേയ് മാസത്തിലാണ് ഡാരൻ അറസ്റ്റിലായത്. ഓഗസ്റ്റ് 13-ന് നടന്ന കോടതിവിചാരണയിൽ ഇയാൾ കുറ്റസമ്മതം നടത്തി. ജയിൽശിക്ഷ ഒഴിവാക്കിക്കൊണ്ട് സർക്യൂട്ട് ജഡ്ജി സ്കോട്ട് സൂസ്കോവർ ഇയാൾക്ക് എട്ടുവർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചു.

പ്രൊബേഷൻ ശിക്ഷയുടെ വ്യവസ്ഥകൾ അനുസരിച്ച് രണ്ടു വർഷം ഇയാൾ കാലിൽ ജി.പി.എസ്. ഘടിപ്പിച്ച മോണിറ്റർ ധരിക്കണം. കൂടാതെ ബിഹേവിയർ തെറാപ്പി, മാനസികാരോഗ്യ പരിശോധന എന്നിവയ്ക്കും വിധേയമാകണം. ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിക്കുന്നതിനും ആയുധങ്ങൾ കൈവശംവെക്കുന്നതിനും ഇയാൾക്ക് വിലക്കുണ്ട്. മുൻകാമുകിയുമായി യാതൊരുവിധ സമ്പർക്കവും പുലർത്താൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

അടുത്തിടെയായി കുറ്റകൃത്യങ്ങൾ ആസൂത്രണംചെയ്യുന്നതിനായി ആളുകൾ എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നത് വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെടിവെപ്പുകേസിലും, ബെംഗളൂരുവിൽ നടന്ന ഒരു കൊലപാതകക്കേസിലും പ്രതികൾ ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റകരമായ ഒരു സന്ദർഭത്തിൽ ഓപ്പൺഎഐയുടെ സജീവ ഇടപെടലുണ്ടായത്.

Content Highlights: A 25-year-old Florida man, Daren Shaw, was arrested and sentenced to eight years of probation after OpenAI flagged his detailed murder and sexual assault threats against his ex-girlfriend to the FBI.