ഐഫോണിനും ഗാലക്സിക്കും തീവിലയാകും; ഡിസംബറോടെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ വിലക്കയറ്റത്തിന് സാധ്യത

മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയർന്നതോടെ ഈ വർഷാവസാനത്തോടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെ വിലയിൽ 30 ശതമാനത്തിലധികം വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ച് (Counterpoint Research). ഇതോടെ പ്രധാന ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വില ഒരു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉയർന്നേക്കാം.
എ.ഐ. ഡേറ്റാ സെന്ററുകൾക്കുവേണ്ടിയുള്ള ആവശ്യകത കൂടിയതോടെയാണ് മെമ്മറി ചിപ്പുകളുടെ നിർമാണച്ചെലവ് വർധിക്കുകയും വിലവർധനയിലേക്ക് നയിക്കുകയും ചെയ്തത്. ഇതോടെ സ്മാർട്ട്ഫോണുകളുടെ മൊത്തം നിർമാണച്ചെലവിൽ മെമ്മറി ചിപ്പുകളുടെ വിഹിതം വർധിക്കുന്ന സ്ഥിതിയാണ്. കണക്കുകൾ പ്രകാരം ഇത് 2025-ന്റെ ആദ്യ പാദത്തിൽ 13 ശതമാനമായിരുന്നത് 2026 ഡിസംബറോടെ 43 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
'ഏതാനും വർഷങ്ങൾക്കുമുൻപ് ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്ഫോൺ ഇന്ത്യയിൽ അപൂർവമായിരുന്നു. എന്നാൽ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വില തുടർച്ചയായി ഉയരുന്നതോടെ ഈ വിലനിലവാരം ഇപ്പോൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്' - റിപ്പോർട്ടിൽ പറയുന്നു.
ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 82 ശതമാനം മുതൽ 87 ശതമാനം വരെ ഉയർന്ന വിലവർധനയാണ് രേഖപ്പെടുത്തിയത്. ആപ്പിൾ ഐഫോണുകളുടെ വിലയിൽ വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം മുതൽ 22 ശതമാനം വരെ വർധനയുണ്ടായി. ആപ്പിൾ, സാംസങ് എന്നിവയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വില രണ്ടു ലക്ഷം രൂപയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
ദീപാവലിക്കുമുന്നോടിയായി ഗാലക്സി എസ്26 (Galaxy S26) ഫോണിന് സാംസങ് 17 ശതമാനം വില വർധിപ്പിച്ചിരുന്നു. ദീപാവലിക്കുശേഷം സാംസങ്ങും ഷവോമിയും തങ്ങളുടെ മോഡലുകൾക്ക് 2,000 രൂപ മുതൽ 4,000 രൂപ വരെ വീണ്ടും നിരക്ക് വർധിപ്പിച്ചു.
അതേസമയം, വില കൂടുന്നതിനൊപ്പം മികച്ച പ്രവർത്തനക്ഷമത, ക്യാമറ, ബാറ്ററി എന്നിവയാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. പലപ്പോഴും വലിയ വിലയുള്ള ഐഫോണുകളിലും ഗാലക്സി എസ് സീരീസ് ഫോണുകളിലുമുള്ള ഫീച്ചറുകൾ ആകർഷകമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഫോണുകൾ പുറത്തിറക്കി ഐഖൂ, ഗൂഗിൾ പോലുള്ള കമ്പനികൾ വിപണിയിൽ മത്സരിക്കുന്നുണ്ട്.
Content Highlights: According to Counterpoint Research, soaring memory chip prices driven by high demand from AI data centers could push premium flagship smartphone prices up by over 30 percent by the end of 2026.