ഫ്രീസറുകൾ 'ഓവനായി' മാറിയ രാത്രി; ആരാണ് യൂറോപ്പിനെ വിറപ്പിക്കുന്ന ഫ്രിഡ്ജ് ഹാക്കർ?

#ടെക്നോളജി ഡെസ്ക്
ബ്രസൽസിലെ ഡെൽഹേസ് സൂപ്പർമാർക്കറ്റിലെ ഒഴിഞ്ഞ റഫ്രിജറേറ്ററുകൾ  | Photo by Maude BRULARD / AFP
ബ്രസൽസിലെ ഡെൽഹേസ് സൂപ്പർമാർക്കറ്റിലെ ഒഴിഞ്ഞ റഫ്രിജറേറ്ററുകൾ | Photo by Maude BRULARD / AFP

പാൽ, ഇറച്ചി, മീൻ, ഐസ്‌ക്രീം തുടങ്ങി ശീതീകരിച്ചു സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കൾ വൻതോതിൽ വിൽക്കുന്ന യൂറോപ്പിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ രാവിലെ തുറന്നപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. സാധാരണയായി കടുത്ത തണുപ്പുള്ള വലിയ ഫ്രീസറുകളിൽനിന്നും റഫ്രിജറേറ്റർ കാബിനറ്റുകളിൽനിന്നും പുറത്തേക്കു വമിച്ചത് സഹിക്കാനാവാത്ത ചൂട്. ഓവൻ തുറക്കുമ്പോഴുള്ള ചൂടാണ് അനുഭവപ്പെട്ടതെന്ന് ജീവനക്കാർ പറഞ്ഞു.

ഫ്രാൻസ്, ബെൽജിയം, സ്വീഡൻ, നെതർലൻഡ്‌സ്, അയർലൻഡ്, എസ്റ്റോണിയ, ലക്സംബർഗ് തുടങ്ങി ഏഴിലധികം യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളുടെ റെഫ്രിജറേറ്ററുകൾക്കുനേരെയാണ് ആക്രമണം നടന്നത്. രാത്രിയിൽ കടകൾ അടച്ചസമയത്ത്, ശീതീകരണ സംവിധാനങ്ങളുടെ കൺട്രോളറുകളിലേക്ക് ഇന്റർനെറ്റ് വഴി കടന്നുകയറിയ ഹാക്കർമാർ താപനില വൻതോതിൽ ഉയർത്തുകയായിരുന്നു.

മൈനസ് 27 ഡിഗ്രി സെൽഷ്യസ്‌വരെ ശീതീകരിച്ചു പ്രവർത്തിച്ചിരുന്ന ഫ്രീസറുകളിലെ താപനില, മണിക്കൂറുകൾക്കുള്ളിൽ 50-മുതൽ 80 ഡിഗ്രി സെൽഷ്യസ്‌വരെയായി ഉയർന്നു. ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ ഉരുകുകയും അഴുകിനശിക്കുകയും ചെയ്തു. ചില കടകളിൽ കടുത്ത താപനിലയെത്തുടർന്ന് തീപിടിത്തംപോലുമുണ്ടായി.

ഹാക്കിങ് നടന്നതെങ്ങനെ?

ഇത്രയും വലിയ നാശനഷ്ടമുണ്ടാക്കിയ ആക്രമണത്തിനുപിന്നിൽ വൻ സങ്കീർണതകളുള്ള സൈബർ ആയുധങ്ങളോ വൈറസുകളോ ഉണ്ടായിരുന്നില്ല എന്നതാണ് സുരക്ഷാവിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നത്. ഈ ശീതീകരണ സംവിധാനങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരുന്നു എന്നതാണ് വില്ലനായത്.

കേന്ദ്രീകൃതമായി താപനില ക്രമീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും സഹായിക്കുന്ന 'ബിൽഡിങ് മാനേജ്‌മെന്റ് സിസ്റ്റങ്ങൾ' (OT/IoT Controllers) മിക്ക വൻകിട സൂപ്പർമാർക്കറ്റുകളിലും ഉപയോഗിക്കുന്നുണ്ട്. ഡെൻമാർക്കിലെ 'ഡാൻഫോസ്' (Danfoss), എസ്റ്റോണിയയിലെ 'കിറ്റ്മാൻ കോൾഡ്ടെക്' (Kitman Coldtech) തുടങ്ങിയ പ്രമുഖ കമ്പനികൾ നിർമിച്ച കൺട്രോളറുകളിലെ സുരക്ഷാ പാളിച്ചകളാണ് ഹാക്കർമാർ മുതലെടുത്തത്.

വർഷങ്ങളായി അപ്‌ഡേറ്റ് ചെയ്യാത്ത സോഫ്റ്റ്‌വെയറുകളാണ് മിക്കയിടത്തും ഉപയോഗിച്ചിരുന്നത്. മാത്രമല്ല, പലയിടത്തും ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റിയിരുന്നില്ല. സുരക്ഷാപാച്ചുകൾ ഇൻസ്റ്റാൾ ചെയ്യാതിരുന്നതും ആക്രമണകാരികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. സിസ്റ്റത്തിൽ കടന്നുകയറിയ ഉടൻതന്നെ, താപനില ഉയരുമ്പോൾ മുന്നറിയിപ്പു നൽകേണ്ട അലാറം സംവിധാനങ്ങൾ ഹാക്കർമാർ നിഷ്ക്രിയമാക്കി. തുടർന്ന് ഇവാപ്പറേറ്ററുകൾ 'ഡീഫ്രോസ്റ്റ്' മോഡിലേക്കു മാറ്റുകയും താപനില കുത്തനെ ഉയർത്തുകയും ചെയ്തു.

തെരുവിലുപേക്ഷിച്ച ഭക്ഷണം, കോടികളുടെ നഷ്ടം

സൂപ്പർ മാർക്കറ്റുകൾ തുറന്നതിനുശേഷം ചീഞ്ഞുനാറിയ പാൽ, മാംസം, സംസ്കരിച്ച ഭക്ഷണം എന്നിവ ജീവനക്കാർക്ക് വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി തെരുവിലെ ട്രാഷ് ബിന്നുകളിലേക്ക് നീക്കംചെയ്യേണ്ടിവന്നു. സ്വീഡനിലെ 'ഐസിഎ' സൂപ്പർമാർക്കറ്റിലെ ജീവനക്കാർ ചീഞ്ഞഴുകിയ ഭക്ഷണസാധനങ്ങൾ മാലിന്യപ്പെട്ടിയിലേക്ക് തള്ളുന്ന ചിത്രങ്ങൾ വലിയ വാർത്തയായി. സ്റ്റോക്ക്‌ഹോമിലെ ഒരു ശാഖയിൽ പുലർച്ചെ രണ്ടുമണിക്ക് ഫ്രീസറുകൾ തകരാറിലാകുകയും എല്ലാ ഉത്പന്നങ്ങളും പൂർണമായി നശിക്കുകയും ചെയ്തു.

ഫ്രാൻസിലെ ഇന്റർമാർഷെ, കൂപ്പറേസീവ് യു, കാരെഫോർ, ലെക്ലർക്ക്, മോണോപ്രി തുടങ്ങിയ ശൃംഖലകളിൽ ടൺകണക്കിനു ഭക്ഷണമാണ് നശിച്ചത്. ബെൽജിയത്തിൽ കാരെഫോർ, ഡെൽഹൈസ്, ഐക്കിയ എന്നിവയുടെ പ്രവർത്തനവും തടസ്സപ്പെട്ടു.

ഒരൊറ്റ സൂപ്പർ മാർക്കറ്റിനുമാത്രം പതിനായിരക്കണക്കിനു യൂറോമുതൽ 1,30,000 യൂറോ (ഏകദേശം 1.2 കോടി രൂപ)വരെ നേരിട്ടു നഷ്ടമുണ്ടായി. ഇന്റർമാർഷെ പോലുള്ള വൻകിട ശൃംഖലകളുടെ ആകെ നഷ്ടം ദശലക്ഷക്കണക്കിനു യൂറോയാണ്. തങ്ങൾക്കുണ്ടായ നഷ്ടം ഇൻഷുറൻസ് വഴി ലഭിക്കാൻ സാധ്യതയില്ലെന്നു കമ്പനി മേധാവികൾ വ്യക്തമാക്കുന്നു.

ഷെൽഫുകൾ ശൂന്യമായതോടെ കടകൾക്കു മുന്നിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു: "സൈബർ ആക്രമണം കാരണം ശീതീകരിച്ച ഉത്പന്നങ്ങൾ ലഭ്യമായിരിക്കില്ല, ദയവായി സഹകരിക്കുക."

മുൻപു നടന്ന ആക്രമണങ്ങൾ

യൂറോപ്പിൽ ഇപ്പോൾ നടന്ന സംഭവം പെട്ടെന്നുണ്ടായ ഒന്നല്ല; മുൻപും സമാനമായ രീതിയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റിൽ യു.എസിലെ അരഡസനോളം സൈനികത്താവളങ്ങളിലെ സഹകരണ സൂപ്പർ മാർക്കറ്റുകളിൽ സമാനരീതിയിൽ റഫ്രിജറേറ്ററുകൾ ഡീഫ്രോസ്റ്റ് മോഡിലാകുകയും വൻതോതിൽ ഭക്ഷണം നശിക്കുകയും ചെയ്തു. പെന്റഗൺ ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഒക്ടോബർ പകുതിയോടെ ഫ്രാൻസിലെ എഴുന്നൂറോളം സൂപ്പർ മാർക്കറ്റുകളിൽ വലിയതോതിൽ റഫ്രിജറേറ്റർ ഹാക്കിങ് നടന്നിരുന്നു.

ഈ ഹാക്കിങ്ങുകൊണ്ട് ആർക്കാണ് ഗുണം?

സാധാരണ ഡിജിറ്റൽ കുറ്റകൃത്യങ്ങളിൽ ഹാക്കർമാർ കമ്പനികളിൽനിന്നു മോചനദ്രവ്യം ആവശ്യപ്പെടാറുണ്ട്. എന്നാൽ, ഈ ആക്രമണത്തിൽ അത്തരം സാമ്പത്തിക ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു സാമ്പത്തിക കുറ്റകൃത്യമല്ലെന്നും മറിച്ച്, ഒരുതരം അട്ടിമറിയാണെന്നും വ്യക്തമാണ്.

ആരാണിതിനു പിന്നിലെന്നതിനെക്കുറിച്ച് പ്രധാനമായും രണ്ടു സാധ്യതകളാണ് സൈബർ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. റഷ്യ അല്ലെങ്കിൽ ഇറാൻപോലെയുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകളാകാം ഇതിനുപിന്നിലെന്ന് പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ സംശയിക്കുന്നു. യുക്രൈൻ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾക്കുള്ള തിരിച്ചടിയായി, അവിടെയുള്ള ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഭീതി പരത്താനും സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്.

"ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയാണ്."  ഫ്രഞ്ച് സൂപ്പർമാർക്കറ്റ് ശൃംഖലയായ കൂപ്പറേസീവ് യു മേധാവി ഡൊമിനിക് ഷെൽഷർ പ്രതികരിച്ചു. "നമ്മുടെ ഭക്ഷ്യവിതരണ ശൃംഖല തകർക്കാനും ഉപഭോക്താക്കളുടെ വിശ്വാസം ഇല്ലാതാക്കാനുമുള്ള മനഃപൂർവമായ ശ്രമമാണിത്." യൂറോപ്യൻ യൂണിയൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ കമ്മിഷണർ ക്രിസ്റ്റോഫ് ഹാൻസനും വ്യക്തമാക്കി.

ഇതിനുപിന്നിൽ രാജ്യങ്ങളല്ലെങ്കിൽ ഹാക്ടിവിസ്റ്റുകൾ ആകാം. തങ്ങളുടെ ഡിജിറ്റൽ ശക്തി തെളിയിക്കാനോ സ്ഥാപനങ്ങളുടെ സുരക്ഷാവീഴ്ചകൾ ലോകത്തിനു കാണിച്ചുകൊടുക്കാനോ ശ്രമിക്കുന്ന ചെറുപ്പക്കാരായ ഹാക്കർമാരാകാം ഇതിനുപിന്നിലെന്നും ഒരുവിഭാഗം വിദഗ്ധർ കരുതുന്നു.

ലഭ്യമായ വിവരങ്ങളനുസരിച്ച്, ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ആയിരക്കണക്കിനു ശീതീകരണ സംവിധാനങ്ങൾ ലോകമെമ്പാടുമുണ്ട്. വൻകിട സർവറുകളും ബാങ്കിങ് സിസ്റ്റങ്ങളും മാത്രമല്ല, നാം ദിവസവും ഉപയോഗിക്കുന്ന സാധാരണ റഫ്രിജറേറ്ററുകളും എയർകണ്ടീഷണറുകളും ആവശ്യത്തിനു സുരക്ഷാ മുൻകരുതലുകളില്ലാതെ ഇന്റർനെറ്റിലേക്കു കണക്ട് ചെയ്താൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുമെന്ന വലിയ മുന്നറിയിപ്പാണ് യൂറോപ്പിലെ ഈ ഹാക്കിങ് നൽകുന്നത്.

Content Highlights: Hackers infiltrated the internet-connected refrigeration systems of several major European supermarket chains, intentionally spiking temperatures to destroy massive quantities of perishable food. This coordinated cyber sabotage, which demanded no ransom, highlights severe vulnerabilities in outdated IoT infrastructure and raises suspicions of state-sponsored efforts to disrupt Western food supply chains.