എഐയ്ക്ക് നിയന്ത്രണമല്ല, സുരക്ഷാ പരിശോധനയാണ് വേണ്ടത്; നിലപാട് വ്യക്തമാക്കി എലവൻ ലാബ്സ് സിഇഒ!

നിർമിത ബുദ്ധിയെ നിയന്ത്രിക്കുന്ന കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി എലവൻ ലാബ്സ് സിഇഒ മാത്തി സ്റ്റാനിസെവ്സ്കി. സാങ്കേതികവിദ്യ സുരക്ഷിതമാവില്ലെന്ന് കണ്ടെത്തിയാൽ, കമ്പനികൾ അത് വിന്യസിക്കുന്നത് താത്കാലികമായി നിർത്തിവെക്കുകയോ വേഗത കുറയ്ക്കുകയോ വേണമെന്നും കൃത്യമായി പരീക്ഷിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ സാങ്കേതികവിദ്യകളുമായി കമ്പനികൾ മുന്നോട്ട് പോകണമെന്നും എക്കോണമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ സ്റ്റാനിസെവ്സ്കി പറഞ്ഞു.
എഐ വികസനത്തിലെ അപകടസാധ്യത വിലയിരുത്താൻ എഐ വ്യവസായമേഖലയിൽ സഹകരണം വർധിച്ചുവരികയാണെന്നും സമൂഹത്തിന് എഐ വഴി ലഭിക്കുന്ന നേട്ടങ്ങളും അതുമൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണമെന്നും ഒക്ടോബർ 6-ന് ബെംഗളൂരുവിൽ നടന്ന എലവൻ ലാബ്സിന്റെ ഒരു പരിപാടിക്കിടെ സ്റ്റാനിസെവ്സ്കി പറഞ്ഞു.
ആന്ത്രോപിക് മേധാവി ഡാരിയോ അമോഡേ ഉൾപ്പെടെ എഐ രംഗത്തെ നിരവധി പ്രമുഖർ എഐ വികസനത്തിന് നിയന്ത്രണം വേണമെന്ന ആവശ്യവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എലവൻ ലാബ്സ് സിഇഒയുടെ ഈ പ്രതികരണം.
മാത്തി സ്റ്റാനിസെവ്സ്കി, പിയോറ്റർ ഡാബ്കോവ്സ്കി (Piotr Dąbkowski) എന്നിവർ ചേർന്ന് 2022-ൽ സ്ഥാപിച്ച ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഡിയോ റിസർച്ച് കമ്പനിയാണ് എലവൻ ലാബ്സ്. നിർമിത ബുദ്ധി (AI) ഉപയോഗിച്ച് മനുഷ്യന്റെ ശബ്ദം കൃത്യമായി അനുകരിക്കുന്നതിനും (Voice Cloning) ഉയർന്ന നിലവാരത്തിൽ ടെക്സ്റ്റിൽ നിന്ന് ശബ്ദം നിർമിക്കുന്നതിനുമുള്ള (Text-to-Speech) എലവൻ ലാബ്സിന്റെ എഐ വോയ്സ് സാങ്കേതികവിദ്യ ജനപ്രിയമാണ്.
വരും മാസങ്ങളിൽ ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 22 ഭാഷകളിലേക്കും എലവൻ ലാബ്സിന്റെ എഐ വോയ്സ് സാങ്കേതികവിദ്യ വ്യാപിപ്പിക്കുമെന്നാണ് സ്റ്റാനിസെവ്സ്കിയുടെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ എലവൻ ലാബ്സിന്റെ ടെക്സ്റ്റ് ടു സ്പീച്ച് മോഡലായ എലവൻ വി4 നിലവിൽ മലയാളം ഉൾപ്പെടെ ഇന്ത്യയിലെ 14 ഭാഷകൾ പിന്തുണയ്ക്കും. ഇതിനുപുറമെ വാണിജ്യസ്ഥാപനങ്ങൾക്ക് ലോകത്തെ 90-ലേറെ ഭാഷകളിൽ സംഭാഷണം നടത്താനാവുന്ന കോൺവർസേഷണൽ എഐ ഏജന്റുകൾ വിന്യസിക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കുന്നുണ്ട്.
Content Highlights: ElevenLabs CEO Mati Staniszewski stated in a recent interview that companies should temporarily halt or slow down AI deployment if safety cannot be guaranteed, while announcing plans to expand their voice technology to all 22 official Indian languages.