' AI എല്ലാം തകർക്കുന്നത് ഒഴിവാക്കണം'; നിയന്ത്രണ സംവിധാനം വേണമെന്ന് ടെക് കമ്പനി മേധാവികൾ

നൂതന എഐ (നിർമിതബുദ്ധി) മോഡലുകൾ പുറത്തിറക്കുന്നതിന് മുമ്പ് അവ പരീക്ഷിക്കാനും, അപകടസാധ്യത ഉണ്ടെങ്കിൽ അത് ജനങ്ങളിലെത്തുന്നത് തടയാനും ശക്തമായ നിയന്ത്രണ സംവിധാനം വേണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഓയും നൊബേൽ ജേതാവുമായ ഡെമിസ് ഹസ്സാബിസ്. ഇതൊരു സർക്കാർ ഏജൻസി ആകരുതെന്നും പൊതു-സ്വകാര്യ പങ്കാളിത്തമുള്ള സംവിധാനം ആകണമെന്നും അദ്ദേഹം നിർദേശിച്ചു. ഗുഗിൾ സിഇഓ സുന്ദർ പിച്ചൈ, ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാൻ, മൈക്രോസോഫ്റ്റ് സിഇഓ സത്യ നാദെല്ല തുടങ്ങിയവർ ഹസ്സാബിസിനെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ഈ വിഷയം ശ്രദ്ധനേടുന്നത്.
ഏതെങ്കിലും ഒരു എഐ മോഡൽ ലോകത്തെ തകർത്തുകളയുന്നത് ഒഴിവാക്കണമെന്ന് മൈക്രോസോഫ്റ്റ് സിഇഓ സത്യ നാദെല്ല പ്രതികരിച്ചു. വളരെ പ്രധാനപ്പെട്ട കാര്യമാണിത്. എഐയുടെ രംഗത്തിന് ഇത്തരം ചിന്താഗതികൾ കൂടുതൽ ആവശ്യമാണെ്. ഹസാബിസിന്റെ കാഴ്ചപ്പാട് പ്രാധാന്യം അർഹിക്കുന്നതാണ്. ശക്തമായ നിയന്ത്രണ സംവിധാനം സൃഷ്ടിക്കുക എന്നതാണ് അതിന്റെ ലക്ഷ്യമെന്നും സത്യ നാദെല്ല പ്രതികരിച്ചു.
ഒരു സർക്കാർ ഏജൻസിക്ക് ഇക്കാര്യത്തിൽ വളരെ വേഗത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഹസ്സാബിസ് ചൂണ്ടിക്കാട്ടി. ഒരു പൊതു-സ്വകാര്യ ബോഡിയാണ് ആവശ്യം. ഫിനാൻഷ്യൽ ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റി (FINRA) മാതൃകയിലായിരിക്കണം അത്. ടെക് വ്യവസായ രംഗത്തുനിന്ന് ഫണ്ട് കണ്ടെത്തണം. സ്വതന്ത്ര സാങ്കേതിക വിദഗ്ധരെയും ഓപ്പൺ-സോഴ്സ് പ്രതിനിധികളെയും അംഗങ്ങളാക്കണം. ഫെഡറൽ സർക്കാരിനോടാവണം അവർ ഉത്തരം പറയേണ്ടതെന്നും ഹസ്സാബിസ് നിർദേശിച്ചു.
ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാൻ ഇതിനെ ഒരു ചിന്തനീയമായ നിർദ്ദേശം എന്ന് വിശേഷിപ്പിച്ചു. ഡീപ്‌മൈൻഡ് സഹസ്ഥാപകൻ മുസ്തഫ സുലൈമാൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈയും ഹസ്സാബിസിന് പിന്തുണയുമായി രംഗത്തെത്തി.
ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് പോലുള്ള എഐ മോഡലുകൾ ലോകമെങ്ങും കടുത്ത സൈബർ സുരക്ഷാ ഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലാണ് എഐ മോഡലുകൾ പുറത്തിറക്കുന്നതിന് മുമ്പുതന്നെ അവയുടെ സുരക്ഷ വിലയിരുത്തണമെന്നും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. ആന്ത്രോപിക്കിന്റെ ഫേബിൾ 5, മിത്തോസ് 5 എന്നീ എഐ മോഡലുകൾക്ക് ട്രംപ് ഭരണകൂടം അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് നിയന്ത്രണം പിൻവലിച്ചു. ഓപ്പൺഎഐയുടെ GPT-5.6 Sol പുറത്തിറക്കുന്നത് ഭരണകൂടം ഇടപെട്ട് വൈകിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ, ചൈനീസ് എഐ മോഡലുകൾ അമേരിക്കൻ ടെക് കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിനാണ് ടെക് കമ്പനി മേധാവികൾ എഐ നിയന്ത്രണത്തിനുവേണ്ടി ഒറ്റക്കെട്ടായി ശബ്ദമുയർത്തി രംഗത്തെത്തിയിട്ടുള്ളത്.
Content Highlights: Proposed creation of a FINRA-style public-private AI regulatory body., Focus on regulating models based on capability thresholds rather than origin., Industry-wide alignment from Microsoft, OpenAI, and Google CEOs., Urgent timeline for implementation before the end of 2026., Strategic use of export controls to enforce US-led safety standards.