തീപ്പിടിത്തം; ഒല ഇലക്ട്രിക് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ഒല ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചുണ്ടായ അപകടം | Photo: Social Media
ഒല ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചുണ്ടായ അപകടം | Photo: Social Media

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപ്പിടിച്ച സംഭവവുമായി ബന്ധപ്പെട്ട ഒല ഇലക്ട്രിക്, ഒകിനാവ ഓട്ടോ ടെക്ക്, പ്യുവര്‍ ഇവി ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസയച്ചു. ജൂലായ് അവസാനത്തിനുള്ള ഇതിന് വിശദീകരണം നല്‍കണം. ഇതിന് ശേഷമേ കമ്പനികള്‍ക്കെതിരെ കേസെടുക്കുന്നത് പരിഗണിക്കൂ. 

ഏപ്രിലില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് തീപ്പിടിച്ച സംഭവങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം പ്യുവര്‍ ഇവി, ബൂം മോട്ടോര്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നോട്ടീസ് അയച്ചിരുന്നു. റോഡ് ഗതാഗത മന്ത്രാലയവും കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനികളില്‍ നിന്നുള്ള വിശദീകരണത്തിന് കാത്തിരിക്കുകയാണ്. 

സര്‍ക്കാര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ബാറ്ററി സെല്ലുകളുടെ പ്രശ്‌നമോ അവയുടെ രൂപകല്‍പനയോ ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് നിരീക്ഷണം. 

ഈ പ്രശ്‌നം അന്വേഷിച്ച ഡിആര്‍ഡിഒയും ഇവി ടൂ-വീലര്‍ ബാറ്ററിയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിര്‍മാണ ചെലവ് കുറയ്ക്കുന്നതിനുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണവും ഇതിന് കാരണമായിട്ടുണ്ടെന്നും നിരീക്ഷിക്കുന്നു. 

ഒകിനാവ, ഓട്ടോ ടെക്ക്,  പ്യുവര്‍ ഇവി, ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സ്, ഒല ഇലക്ട്രിക്, ബൂം മോട്ടോര്‍സ് തുടങ്ങിയ കമ്പനികളാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. 

തീപ്പിടിത്തങ്ങളെ തുടര്‍ന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് (ബിഐഎസ്) ലിഥിയം അയേണ്‍ ബാറ്ററികള്‍ക്ക് പുതിയ പ്രവര്‍ത്തന നിലവാര മാനദണ്ഡം പുറത്തിറക്കിയിട്ടുണ്ട്. 

Content Highlights: Centre sends show cause notices to Ola Electric, Okinawa, others on EV fires