യു.എസ് AI നിയന്ത്രണ ഏജൻസി തലവൻ രാജിവെച്ചു; ഇന്ത്യൻ വംശജന് താത്കാലിക ചുമതല

#ടെക്‌നോളജി ഡെസ്‌ക്
1.ഡൊണാള്‍ഡ് ട്രംപ് 2. അരവിന്ദ് രമണ്‍ | Photo - Reuters, NIST
1.ഡൊണാള്‍ഡ് ട്രംപ് 2. അരവിന്ദ് രമണ്‍ | Photo - Reuters, NIST

എഐ കമ്പനികളെയും ശക്തമായ എഐ ടൂളുകളെയും വരുതിയിലാക്കാൻ ട്രംപ് ഭരണകൂടം നീക്കങ്ങൾ നടത്തുന്നതിനിടെ യു.എസിലെ സുപ്രധാന എഐ നിയന്ത്രണ ഏജൻസിയുടെ തലവൻ രാജിവെച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റർ ഫോർ എഐ സ്റ്റാൻഡേർഡ്‌സ് ആൻഡ് ഇന്നൊവേഷൻ (CAISI) തലവൻ ക്രിസ് ഫോൾ ആണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ഫെഡറൽ എഐ ടെസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയേറ്റ ശേഷം വെറും മൂന്നു മാസത്തിനുള്ളിലാണ് രാജി.

യുഎസ് വാണിജ്യ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ടെക്‌നോളജി (NIST) ഡയറക്ടർ ഡോ. അരവിന്ദ് രമൺ ഏജൻസിയുടെ ആക്ടിങ് ഡയറക്ടറായി ചുമതലയേൽക്കുമെന്നും അവർ അറിയിച്ചു. യു.പി സ്വദേശിയായ അദ്ദേഹം ഐഐടി ഡൽഹിയിൽനിന്ന് എൻജിനിയറിങ് ബിരുദമെടുത്ത വ്യക്തിയാണ്. തുടർന്നാണ് ഉപരിപഠനത്തിനയി യു.എസിലെത്തിയത്. ക്രിസിന്റെ രാജിയെത്തുടർന്ന് NIST ഡയറക്ടർ ഡോ. അരവിന്ദ് രമൺ CAISI-യുടെ മേൽനോട്ടം വഹിക്കുകയും ആക്ടിങ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വാണിജ്യ വകുപ്പ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

യുഎസ് എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഉടച്ചുവാർത്താണ് യു.എസ് ഭരണകൂടം CAISI സ്ഥാപിച്ചത്. ശക്തമായ AI സംവിധാനങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തില്ലെന്ന് ഉറപ്പാക്കിയശഷം മാത്രം വിന്യസിക്കുന്നതിനും കർശനമായ പരിശോധനകളും വിലയിരുത്തൽ പ്രോട്ടോക്കോളുകളും വികസിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഉടച്ചുവാർക്കൽ. ഏജൻസിയുടെ തലപ്പത്ത് കഴിഞ്ഞ ഏപ്രിലിലാണ് ഫോൾ നിയമിതനാകുന്നത്. നിർണായക ഘട്ടത്തിൽതന്നെ അദ്ദേഹം രാജിവെക്കുകയും ചെയ്തു.

എഐ സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്നതിനിടെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും എഐ മോഡലുകളുടെ അപകട സാധ്യത വിലയിരുത്തുന്നതിനുമടക്കം ട്രംപ് ഭരണകൂടം നിർണായക നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യൻ വംശജൻ സുപ്രധാന ചുമതലയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. സൈബർ സുരക്ഷാ പഴുതുകൾ കണ്ടെത്തുന്നതിൽ അസാമാന്യ കഴിവുള്ള ക്ലോഡ് മിത്തോസ് മോഡൽ ആന്ത്രോപിക് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം എഐ കമ്പനികൾക്കെതിരായ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ് മുൻ ഡീനും അക്കാദമിഷ്യനുമാണ് ഡോ. അരവിന്ദ് രമൺ. ജൂൺ 30-നാണ് അദ്ദേഹം NIST ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തത്. പുതിയ ചുമതലകൂടി ലഭിച്ചതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഇരട്ടിയാക്കും. എഐ നിയന്ത്രണ ഏജൻസിക്ക് ഭരണകൂടം സ്ഥിരം തലവനെ കണ്ടെത്തുന്നതുവരെ അദ്ദേഹം NIST, CAISI എന്നിവയെ നയിക്കും. യുഎസിന്റെ നിർണായക ഫെഡറൽ AI സുരക്ഷാ ഓഫീസ് ഇന്ത്യൻ വംശജന്റെ താത്കാലിക നേതൃത്വത്തിലായിരിക്കും ഇനി പ്രവർത്തിക്കുക.

Content Highlights: Chris Fall resigns as head of CAISI after a three-month tenure., NIST Director Dr. Arvind Raman appointed as Acting Director of CAISI., The administration is actively searching for a permanent replacement., CAISI is focused on developing national AI safety evaluation benchmarks., Dr. Arvind Raman brings extensive academic and engineering leadership experience.