ബില്‍ ഗേറ്റ്‌സ് സമ്പത്തിന്റെ 99 ശതമാനവും ദാനംചെയ്യുക ആഫ്രിക്കയ്ക്കുവേണ്ടി; 'ആരോഗ്യരംഗത്ത് AI വരണം'

ബില്‍ ഗേറ്റ്‌സ് | File Photo - PTI
ബില്‍ ഗേറ്റ്‌സ് | File Photo - PTI

സമ്പത്തിന്റെ 99 ശതമാനവും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്യാനുള്ള തീരുമാനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ആഫ്രിക്കയിലെ ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് സമ്പത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്പത്തിന്റെ ഒരു ശതമാനം മാത്രമാകും തന്റെ മക്കള്‍ക്ക് നല്‍കുകയെന്ന് അദ്ദേഹം നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 2045 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തെ അഞ്ചാമത്തെ ധനികനായ ബില്‍ ഗേറ്റ്‌സിന്റെ സമ്പത്ത് നിലവില്‍ ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്‌സ് പ്രകാരം 175 ബില്യണ്‍ (17500 കോടി) ഡോളറാണ്. 2045 ആകുമ്പോഴേക്കും ഇത് ഏകദേശം 200 ബില്യണ്‍ (20,000 കോടി) ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2045 ഓടെ തന്റെ സമ്പത്തിന്റെ 99 ശതമാനവും സംഭാവന ചെയ്യുമെന്ന് കഴിഞ്ഞമാസമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും തടയാന്‍ കഴിയുന്ന മരണങ്ങള്‍ അവസാനിപ്പിക്കുക, അടുത്ത തലമുറ മാരകമായ പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ വളരുമെന്ന് ഉറപ്പാക്കുക, ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക എന്നീ മൂന്ന് മുന്‍ഗണനകളാണ്  ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്‍ ഗേറ്റ്‌സിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വരുന്നത് കാസ്‌കേഡ് ഇന്‍വെസ്റ്റ്മെന്റില്‍ നിന്നാണ്. മൈക്രോസോഫ്റ്റ് സ്റ്റോക്ക് വില്‍പ്പനയില്‍ നിന്നും ലാഭവിഹിതത്തില്‍ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ച് സ്ഥാപിച്ച ഒരു ഹോള്‍ഡിംഗ് സ്ഥാപനമാണിത്.

ലോകത്തിലെ മുന്‍നിര സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ഏകദേശം ഒരു ശതമാനം ഓഹരി ഗേറ്റ്‌സിന്റെ കൈവശമുണ്ട്. അദ്ദേഹം 2020 മാര്‍ച്ചില്‍ മൈക്രോസോഫ്റ്റിന്റെ ബോര്‍ഡില്‍ നിന്ന് രാജിവച്ചിരുന്നു.ആഗോള ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവയെ പിന്തുണയ്ക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ കീഴിലുള്ള ഓഹരികള്‍ അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതിനിടെ, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 2045 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പ്രഖ്യാപിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതിലും പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ തന്റെ ഏകദേശം 200 ബില്യണ്‍ ഡോളര്‍ വരുന്ന സമ്പത്തിന്റെ 99 ശതമാനം സംഭാവന ചെയ്യാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ തീരുമാനം. ആഫ്രിക്കയിലെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിര്‍മിതബുദ്ധി (AI) ഉള്‍പ്പെടെയുള്ള സാങ്കേതികരംഗത്തെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് ഗേറ്റ്‌സ് ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ തിരിച്ചറിയാന്‍ റുവാണ്ട എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അള്‍ട്രാസൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മൊബൈല്‍ ഫോണുകള്‍ ആഫ്രിക്കയിലുടനീളം സാമ്പത്തിക സേവനങ്ങളെ മാറ്റിമറിച്ചു. ഇതുപോലെ ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്താന്‍ എഐ ഉപയോഗിക്കാന്‍ അദ്ദേഹം ആഫ്രിക്കയിലെ യുവജനങ്ങളോട് അഭ്യര്‍ഥിച്ചു. 'ആഫ്രിക്ക പരമ്പരാഗത ബാങ്കിംഗ് ഒരു പരിധി വരെ ഒഴിവാക്കി. ഇനി ആരോഗ്യ സംരക്ഷണ മേഖലയില്‍ എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കണം' - അദ്ദേഹം നിര്‍ദേശിച്ചു.
 

Content Highlights: bill gates to donate majority of his wealth for africa