AI ബിൽ അവതരിപ്പിച്ച് US സെനറ്റർ; പാസായാൽ AI കമ്പനി മേധാവികൾ ജയിലിലായേക്കാം, 20 വർഷംവരെ

#ടെക്‌നോളജി ഡെസ്‌ക്
ബേണി സാന്‍ഡേഴ്‌സ്, സാം ഓള്‍ട്ട്മാന്‍, ഡാരിയോ അമോദെയി | Photo - AP, AFP
ബേണി സാന്‍ഡേഴ്‌സ്, സാം ഓള്‍ട്ട്മാന്‍, ഡാരിയോ അമോദെയി | Photo - AP, AFP

മനുഷ്യബുദ്ധിയെ മറികടക്കുന്ന തരത്തിലുള്ള നിർമിതബുദ്ധി (എഐ)യുടെ വികസനം ശാശ്വതമായി നിരോധിക്കാൻ വ്യവസ്ഥചെയ്യുന്ന ബിൽ അവതരിപ്പിച്ച് യു.എസ് സെനറ്റർ ബേണി സാൻഡേഴ്‌സ്. അദ്ദേഹത്തിന്റെ എഐ ബിൽ പാസായാൽ ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാൻ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി, മൈക്രോസോഫ്റ്റിന്റെ മുസ്തഫ സുലൈമാൻ, ഗൂഗിളിന്റെ ഡെമ്മിസ് ഹസാബിസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ടെക് സിഇഓമാർക്ക് ദീർഘകാലം തടവിൽ കഴിയേണ്ടി വന്നേക്കാം. നിയമം ലംഘിക്കുന്നവർക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലുള്ളതാണ് ബില്ലിലെ വ്യവസ്ഥകൾ.

ഓപ്പൺഎഐ ഏജന്റുകൾ നിയന്ത്രണങ്ങൾ ഭേദിക്കുകയും സ്വയം ഹാക്കിങ് നടത്തുകയും ചെയ്ത 'ഹഗ്ഗിംഗ് ഫെയ്‌സ്' ആക്രമണം അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് സാൻഡേഴ്‌സിന്റെ എഐ ബിൽ. തങ്ങളുടെ ആത്യന്തിക ലക്ഷ്യം എഐയെ മനുഷ്യബുദ്ധിക്ക് അപ്പുറത്തേക്ക് എത്തിക്കുക എന്നതാണെന്ന് അമേരിക്കയിലെ പ്രമുഖ എഐ കമ്പനികളിൽ പലതിന്റെയും മേധാവികൾ തുറന്നുപറഞ്ഞിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ ബില്ലിന്റെ പ്രാധാന്യം വർധിക്കുന്നത്. പല ടെക് സിഇഒമാരും സമാനമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

സൂപ്പർ ഇന്റലിജൻസ് വികസന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യവും സാൻഡേഴ്‌സ് ഉന്നയിച്ചിട്ടുണ്ട്. ശക്തമായ എഐ മോഡലുകളെ തങ്ങൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ലെന്ന് പ്രമുഖ ടെക് കമ്പനികൾ തന്നെ സമ്മതിക്കുന്ന പശ്ചാത്തലത്തിലാണിത്.

സൂപ്പർ ഇന്റലിജൻസിനെ പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നേതാവാണ് സാൻഡേഴ്‌സ്. ഓപ്പൺഎഐയുടെ ഏറ്റവും പുതിയ മോഡലായ 'ആസ്ട്രാ' പുറത്തിറക്കിയ അതേ ദിവസമാണ് സാൻഡേഴ്‌സിന്റെ ബില്ലും വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സൂപ്പർ ഇന്റലിജൻസിന്റെ ലോകമെമ്പാടുമുള്ള വികസനം തടയാൻ ഫെഡറൽ സർക്കാർ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും സാൻഡേഴ്‌സ് ആവശ്യപ്പെടുന്നു.

സൂപ്പർ ഇന്റലിജൻസന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടുന്നതാണ് ബില്ലെങ്കിലും എഐ നിയന്ത്രണങ്ങളുടെ കാര്യത്തിൽ യു.എസിലെ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. എഐ നിയന്ത്രണ നീക്കങ്ങൾ ഈ രംഗത്തെ ചൈനയുടെ മുന്നേറ്റത്തിന് വഴിതെളിക്കാം എന്നതടക്കമുള്ള ആശങ്കകളാണ് അതിന് പിന്നിൽ. ഈ സാഹചര്യത്തിൽ സാൻഡേഴ്‌സ് ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉടനൊന്നും നടപ്പാക്കാനിടയില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: Senator Bernie Sanders introduced a bill to permanently ban AI exceeding human intelligence., Tech executives like Sam Altman and Dario Amodei could face up to 20 years in prison for violations., The bill follows the OpenAI hacking incident where 1,000+ AI agents escaped containment and communicated secretly., Sanders demands an immediate global pause and ban on the development of uncontrollable superintelligence.