മാക് മിനിയും മാക് സ്റ്റുഡിയോയും കിട്ടാനില്ല; എല്ലാം വാങ്ങിക്കൂട്ടുന്നു, AI-യുടെ പോക്ക് എങ്ങോട്ട്?

ചിപ്പ് ക്ഷാമംമൂലം മൊബൈൽ ഫോണുകളുടെയും ടി.വി അടക്കമുള്ളവയുടെയും വിലകൂടുന്നത് സാധാരണക്കാർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. നിർമിതബുദ്ധി (എഐ) രംഗത്തെ വൻമുന്നേറ്റമാണ് ചിപ്പ് ക്ഷാമത്തിന് പിന്നിൽ. എഐ ഡേറ്റാ സെന്ററുകൾ ജലസ്രോതസുകൾക്കും വൈദ്യുതി വിതരണത്തിനും ഉയർത്തുന്ന ഭീഷണി വേറെ. മൊബൈൽ ആപ്പുകൾ നിർമിക്കുന്നവർക്ക് കർശന നിബന്ധനകൾ ഗൂഗിൾ അടുത്തിടെ ഏർപ്പെടുത്തിയതിന് പിന്നിലും എഐ സൃഷ്ടിക്കുന്ന ചിപ്പ് ക്ഷാമം തന്നെ. അതിനിടെ, പുതിയൊരു പ്രവണതകൂടി വിപണിയിൽ സൃഷ്ടിക്കുകയാണ് എഐ.
ആപ്പിളിന്റെ ആൾട്രാ കോംപാക്ട് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറായ മാക് മിനി, ഹൈ എൻഡ് കോംപാക്ട് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറായ മാക് സ്റ്റുഡിയോ എന്നിവ പലയിടത്തും കിട്ടാനില്ല. എഐ രംഗത്തെ കുതിച്ചുചാട്ടമാണ് ഇവയുടെയും ദൗർലഭ്യത്തിന് പിന്നിൽ എന്നാണ് ദി ഇൻഫർമേഷൻ' റിപ്പോർട്ട് ചെയ്യുന്നത്. എഐ ഏജന്റുകൾക്കുവേണ്ടിയും റീഇൻഫോഴ്സ്മെന്റ് ലേണിങ് പ്രവർത്തനങ്ങൾക്കായും ഓപ്പൺ എഐ പതിനായിരക്കണക്കിന് മാക് മിനികളും മാക് സ്റ്റുഡിയോകളും വാങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം എഐ കമ്പനിയായ ആന്ത്രാപിക് സമാനമായ ആവശ്യങ്ങൾക്കായി ആമസോൺ വെബ് സർവീസസ് (വഴി മാക് മിനികൾ വാടകയ്ക്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമേ, ഡെവലപ്പർമാരും ഉപഭോക്താക്കളും എഐ ഏജന്റുകൾ പ്രാദേശികമായി പ്രവർത്തിപ്പിക്കുന്നതിനായി ആപ്പിളിന്റെ കോംപാക്റ്റ് കമ്പ്യൂട്ടറുകളെ വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ചൈനയിലാണ് ഈ ആവശ്യം ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. ചൈനയിൽ ഓപ്പൺസോഴ്സ് ഓട്ടോണമസ് എഐ അസിസ്റ്റന്റായ 'ഓപ്പൺക്ലോ' യുടെ ജനപ്രീതി മാക് മിനിയുടെ സ്റ്റോക്ക് കുറയാനും വില വർധിക്കാനും കാരണമായതായി റിപ്പോർട്ടുകളുണ്ട്.
വാങ്ങുന്നത് പതിനായിരക്കണക്കിന് മിനികളും സ്റ്റുഡിയോകളും
കഴിഞ്ഞ ഏതാനും മാസങ്ങളായാണ് ഓപ്പൺഎഐ പതിനായിരക്കണക്കിന് മാക് മിനികളും മാക് സ്റ്റുഡിയോകളും വാങ്ങിയിട്ടുള്ളത്. കമ്പ്യൂട്ടറുകളുമായി സംവദിക്കാൻ കഴിയുന്ന എഐ ഏജന്റുകൾക്ക് വേണ്ടിയാണിത്. ആപ്പിളിന്റെ ചെറിയ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് എഐ രംഗത്ത് ലഭിക്കുന്ന അസാധാരണമായ സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
എൻവിഡിയ ചിപ്പുകൾക്ക് പകരമാകുമോ?
എൻവിഡിയയുടെ ശക്തമായ ജിപിയുകൾക്ക് പകരമാവാൻ മാക് കമ്പ്യൂട്ടറുകൾക്ക് കഴിയില്ല. പക്ഷെ എഐ രംഗത്തെ വളർന്നുവരുന്ന മറ്റൊരു മേഖലയായ കമ്പ്യൂട്ടർ എൻവയോൺമെന്റുകളുമായി ഇടപഴകുന്ന എഐ ഏജന്റുകളുടെ കാര്യത്തിൽ അവ വളരെ ഉപയോഗപ്രദമാണ്. ഇത്തരം ഏജന്റുകൾക്ക് ഒരു സ്ക്രീൻ പരിശോധിക്കാനും, ബ്രൗസർ ഉപയോഗിക്കാനും, ബട്ടണുകളിൽ ക്ലിക്ക് ചെയ്യാനും, ആവർത്തിച്ച് ജോലികൾ ചെയ്യാനും സാധിക്കും. ഇവയ്ക്കുവേണ്ടിയാണ് എഐ കമ്പനികൾ മാക് മിനികളും മാക് സ്റ്റുഡിയോകളും വൻതോതിൽ വാങ്ങിക്കൂട്ടുന്നത്.
ഡാറ്റാ സെന്ററുകളിൽ വെച്ച് വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് പകരം ഒരു എഐ ഏജന്റിന് ഡെസ്ക്ടോപ്പിൽ സോഫ്റ്റ്വെയറുകൾ എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും ജോലികൾ ചെയ്യാമെന്നും പഠിക്കേണ്ടി വരുമ്പോൾ ഇവ ഏറെ പ്രയോജനപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു. ആപ്പിളിന്റെ യൂണിഫൈഡ് മെമ്മറി ആർക്കിടെക്ചറാണ് ഇതിന് സഹായകമാകുന്നത്. ഓപ്പൺക്ലോയ്ക്കായി മാക് മിനി തിരഞ്ഞെടുക്കുന്നതിന് പിന്നിൽ സുരക്ഷ അടക്കമുള്ള കാരണങ്ങളാണ് ഉള്ളതെന്നും വിദഗ്ധർ പറയുന്നു.
Content Highlights: OpenAI and Anthropic are buying or renting thousands of Mac minis and Mac Studios for AI agent development., Apple's unified memory architecture and complete macOS environment make its compact desktops ideal for local AI workloads., The OpenClaw craze in China has driven up Mac mini prices and caused retail shortages., Developers use separate Mac minis to safely run AI agents that require extensive computer control permissions.