ലോക്ക് സ്ക്രീനിൽ ഈ സന്ദേശം കണ്ടാൽ ശ്രദ്ധിക്കണം; ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ നിർദേശം!

ഐഫോൺ ഉപയോക്താക്കൾക്കുനേരെ ഉണ്ടാവാനിടയുള്ള സ്പൈവെയർ ആക്രമണങ്ങളെക്കുറിച്ച് ആപ്പിൾ ഇപ്പോൾ മുന്നറിയിപ്പ് നൽകും. പോപ്പ് അപ്പ് നോട്ടിഫിക്കേഷനുൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ആപ്പിൾ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ രീതിയിൽ പുതിയ സന്ദേശങ്ങൾ കമ്പനി അയച്ചു.
സ്പൈവെയർ ആക്രമണങ്ങളിലൂടെ വിവരങ്ങൾ ചോരുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഈ സന്ദേശം. ഓഗസ്റ്റ് 13-നാണ് പുതിയ രീതിയിലുള്ള അറിയിപ്പ് സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടത്.
ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള ഉപയോക്താക്കളുടെ ഐഫോൺ ലോക്ക് സ്ക്രീനിൽത്തന്നെ ഇനി നേരിട്ട് സുരക്ഷാ മുന്നറിയിപ്പുകൾ സന്ദേശമായി ദൃശ്യമാകും. ഇതുവഴി അക്കൗണ്ടിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിക്കാൻ അവരോട് ആവശ്യപ്പെടുന്നു. മുൻപ് ആപ്പിൾ ഇത്തരം മുന്നറിയിപ്പുകൾ ഇമെയിൽ വഴിയാണ് അയച്ചിരുന്നത്. എന്നാൽ ലോക്ക് സ്ക്രീനിലെ പുതിയ അലർട്ട് ഉപയോക്താക്കളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കാൻ സഹായിക്കും.
വിലപ്പെട്ട വിവരങ്ങൾ കൈവശമുള്ള ഉന്നതവ്യക്തികളെ ലക്ഷ്യമിട്ടാണ് സ്പൈവെയർ ആക്രമണങ്ങൾ സാധാരണമായി നടക്കാറുള്ളത്. പെഗാസസ് പോലുള്ള സ്പൈവെയറുകൾ അതിന് ഉദാഹരണമാണ്. ചാറ്റുകൾ, ഫോട്ടോകൾ, ഫോണിന്റെ മൈക്രോഫോൺ എന്നിവയിലേക്ക് വരെ പ്രവേശിച്ച് സംഭാഷണങ്ങൾ ചോർത്താൻ കഴിവുള്ള അപകടകരമായ സ്പൈവെയറുകളെ നേരിടാൻ കൂടുതൽ ശക്തമായ സുരക്ഷാസംവിധാനങ്ങൾ ആപ്പിളിന് ആവശ്യമുണ്ട്.
ഫോണുകളിൽ സ്പൈവെയർ ആക്രമണത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ പ്രത്യേക 'ത്രെറ്റ് ഇന്റലിജൻസ് സിസ്റ്റം' ആപ്പിൾ വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനരീതി ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല.
ആപ്പിളിൽനിന്നുള്ള സുരക്ഷാ മുന്നറിയിപ്പ് എന്ന വ്യാജേന വരുന്ന വ്യാജ അലർട്ടുകളെക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. അപരിചിതമായ മെയിൽ വിലാസങ്ങളിൽനിന്ന് വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Apple has rolled out a direct lock screen notification system across more than 100 countries to promptly alert iPhone users targeted by sophisticated spyware attacks like Pegasus and protect sensitive personal data.