അപ്പോളോ ദൗത്യത്തെപ്പറ്റി നാസയുടെ പോസ്റ്റ്; വീണ്ടും സജീവമായി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, പിന്നിലെന്ത്?

'ഞങ്ങള്‍ തിരികെ പോകുന്നു'. ബഹിരാകാശ പര്യവേക്ഷണത്തിലെ ചരിത്രനേട്ടമായ അപ്പോളോ 11 ദൗത്യം ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയിട്ട് 56 വര്‍ഷം തികയുന്നതിന്റെ ഭാഗമായി നാസ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുവെച്ച പോസ്റ്റിലെ വാക്കുകളാണിത്. ഞങ്ങള്‍ അന്താരാഷ്ട്ര, വാണിജ്യ പങ്കാളികളുമായി ചേര്‍ന്ന് ചന്ദ്രനിലേക്ക് മടങ്ങാനും അവിടെ ഒരു ദീര്‍ഘകാല സാന്നിധ്യം സ്ഥാപിക്കാനും പ്രവര്‍ത്തിക്കുകയാണെന്നും നാസ പോസ്റ്റില്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളും നാസയുടെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്.
ചന്ദ്രനില്‍ ഇറങ്ങുക, ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക, സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുക എന്നിവയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചന്ദ്രനിലിറങ്ങിയത് ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് വഴിയൊരുക്കുകയും ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ബഹിരാകാശയാത്രികര്‍ എന്നിവരുടെ തലമുറകള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. 'ഇത് ഒരു മനുഷ്യന്റെ ചെറിയ കാല്‍വെപ്പ്, മാനവരാശിക്ക് ഒരു വന്‍ കുതിച്ചുചാട്ടം' എന്നാണ് 1969 ജൂലായ് 20-ന് ചന്ദ്രനില്‍ കാലുകുത്തിയശേഷം ബഹിരാകാശ സഞ്ചാരിയായ നീല്‍ ആംസ്ട്രോങ് പറഞ്ഞത്. അഞ്ച് പതിറ്റാണ്ടിലേറെയായിട്ടും ഗൂഢാലോചനാ സിദ്ധാന്തള്‍ അവസാനിച്ചിട്ടില്ല.
ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ആരോപിക്കുന്നത് എന്ത്?
അപ്പോളോ ചാന്ദ്ര ദൗത്യങ്ങള്‍ അമേരിക്ക കെട്ടിച്ചമച്ചതാണ് എന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ ആരോപിക്കുന്നത്. ലാന്‍ഡിങ്ങുകള്‍ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചതാണെന്നും ബഹിരാകാശ യാത്രികര്‍ യഥാര്‍ഥത്തില്‍ ചന്ദ്രോപരിതലത്തില്‍ നടന്നിട്ടില്ലെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. ചന്ദ്രനില്‍ അന്തരീക്ഷമില്ലെങ്കിലും അവിടെ സ്ഥാപിച്ച അമേരിക്കന്‍ പതാക കാറ്റില്‍ പാറുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബഹിരാകാശയാത്രികര്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് എടുത്ത ഫോട്ടോകളില്‍ പശ്ചാത്തലത്തില്‍ നക്ഷത്രങ്ങളൊന്നും കാണിക്കുന്നില്ല. അത് ഫോട്ടോകള്‍ സ്റ്റുഡിയോയില്‍ എടുത്തതാണെന്നതിന് തെളിവാണെന്നും ചിലര്‍ ആരോപിക്കുന്നു. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശയാത്രികര്‍ക്ക് മാരകമായ റേഡിയേഷന്‍ ഏല്‍ക്കുമായിരുന്നുവെന്നും, അത് അവര്‍ക്ക് അതിജീവിക്കാന്‍ അസാധ്യമാക്കുമായിരുന്നുവെന്നും വാദങ്ങളുണ്ട്.
1960-കളിലേതിനേക്കാള്‍ മികച്ച സാങ്കേതികവിദ്യയുണ്ടായിട്ടും ചന്ദ്രനിലേക്ക് മടങ്ങാന്‍ ഇത്രയധികം വര്‍ഷങ്ങളെടുക്കുന്നത് എന്തുകൊണ്ടാണെന്നും ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ വാദിക്കുന്നു.
എന്നാല്‍ ഈ അവകാശവാദങ്ങളെ തള്ളിക്കളയാന്‍ വിദഗ്ദ്ധര്‍ തെളിവുകളും ശാസ്ത്രീയ വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. പതാകയുടെ ചലനത്തിന് കാരണം കാറ്റല്ല, മറിച്ച് ബഹിരാകാശയാത്രികര്‍ അത് നിലത്ത് സ്ഥാപിക്കുമ്പോഴുള്ള ചലനമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബഹിരാകാശയാത്രികര്‍ ഉപയോഗിച്ച ക്യാമറകള്‍ ചന്ദ്രന്റെ തിളക്കമുള്ള ഉപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സജ്ജീകരിച്ചിരുന്നതായും, ഓവര്‍ എക്‌സ്‌പോഷര്‍ കാരണം നക്ഷത്രങ്ങള്‍ ദൃശ്യമായിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തുന്നു. റേഡിയേഷന്‍ സംബന്ധിച്ച അവകാശവാദങ്ങളെക്കുറിച്ച്, ബഹിരാകാശയാത്രികര്‍ സംരക്ഷണ സ്യൂട്ടുകള്‍ ധരിച്ചിരുന്നുവെന്നും റേഡിയേഷന്‍ ഏല്‍ക്കുന്നത് കുറയ്ക്കാന്‍ ബഹിരാകാശ പേടകത്തിന് ഷീല്‍ഡിംഗ് ഉണ്ടായിരുന്നുവെന്നും വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. അപ്പോളോ ബഹിരാകാശയാത്രികര്‍ 800 പൗണ്ടിലധികം ചന്ദ്രനിലെ പാറകളും മണ്ണും തിരികെ കൊണ്ടുവരികയും അവ വിശദമായി പഠിച്ച് ചന്ദ്രനില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നാസയുടെ പോസ്റ്റ് ഇങ്ങനെ:
ഞങ്ങള്‍ തിരികെ പോകുന്നു. 56 വര്‍ഷം മുന്‍പ്, നാസയുടെ ബഹിരാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും ബസ്സ് ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി, ചന്ദ്രോപരിതലത്തില്‍ നടക്കുന്ന ആദ്യ മനുഷ്യരായി. ഇപ്പോള്‍, ഞങ്ങള്‍ അന്താരാഷ്ട്ര, വാണിജ്യ പങ്കാളികളുമായി ചേര്‍ന്ന് ചന്ദ്രനിലേക്ക് മടങ്ങാനും അവിടെ ആദ്യമായി ഒരു ദീര്‍ഘകാല സാന്നിധ്യം സ്ഥാപിക്കാനും പ്രവര്‍ത്തിക്കുകയാണ്, ഇത് ചൊവ്വയിലേക്കുള്ള ഞങ്ങളുടെ ആദ്യത്തെ മനുഷ്യ ദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ ഒരു ചുവടുവെപ്പാണ്. ചന്ദ്രനെപ്പോലെ, ചൊവ്വയും ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കുള്ള ഒരു മികച്ച ലക്ഷ്യസ്ഥാനമാണ്. ഭൂമിയില്‍ നിന്ന് വളരെ ദൂരേക്ക് യാത്ര ചെയ്യാനും പര്യവേക്ഷണം നടത്താനും മനുഷ്യരെ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യകളുടെ ഒരു പ്രേരകശക്തി കൂടിയാണ് ചൊവ്വ. ചുവന്ന ഗ്രഹത്തെക്കുറിച്ച് നാം പഠിക്കുന്നത് നമ്മുടെ ഭൂമിയുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് കൂടുതല്‍ പറഞ്ഞുതരു., കൂടാതെ നമ്മുടെ ഗ്രഹത്തിനപ്പുറം ജീവനുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനും ഇത് സഹായിച്ചേക്കാം.
Content Highlights: Celebrating 56 years since Apollo 11`s historic Moon landing! NASA plans a return with international