ക്ലോഡ് മിത്തോസ് ആശങ്ക ഒഴിയുന്നില്ല; അനധികൃതമായി കടന്നുകയറി സംഘം, അന്വേഷണം

എഐ കമ്പനിയായ ആന്ത്രോപിക് വികസിപ്പിച്ച ക്ലോഡ് മിത്തോസ് ടൂൾ ഉയർത്തിവിട്ട ആശങ്കകൾ അവസാനിക്കുന്നില്ല. വിദഗ്ധരുടെ പോലും ശ്രദ്ധയിൽപ്പെടാത്ത സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ കഴിവുള്ള എഐ ടൂളാണ് മിത്തോസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ടൂൾ ആരെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് തത്കാലം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതില്ല എന്നാണ് നിർമാതാക്കൾ തീരുമാനിച്ചിട്ടുള്ളത്. ഗൂഗിളും, ആപ്പിളും, ആമസോണും അടക്കമുള്ള കമ്പനികൾക്കും ചില സംഘടനകൾക്കും മാത്രമാകും ക്ലോഡ് മിത്തോസ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക എന്നാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽതന്നെ സാധാരണക്കാരായ ഉപയോക്താക്കളുടെ ചെറുസംഘം മിത്തോസിലേക്ക് അനധികൃതമായി കടന്നുകയറി എന്ന വാർത്ത പുറത്തുവരുന്നതോടെയാണ് ബാങ്കുകളുടെയടക്കം സൈബർ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുന്നത്.
ക്ലോഡ് മിത്തോസിന്റെ വിവരങ്ങൾ ആന്ത്രോപിക് പുറത്തുവിട്ടതിന് പിന്നാലെ യു.എസ് ഭരണകൂടം അമേരിക്കയിലെ പ്രമുഖ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സിഇഓമാരുടെ അടിയന്തിരയോഗം വിളിച്ചു ചേർത്തിരുന്നു. ഗൂഗിൾഡ സിഇഓ സുന്ദർ പിച്ചൈ അടക്കമുള്ളവരുമായി യു.എസ് അധികൃതർ ഫോണിൽ ബന്ധപ്പെട്ട് മിത്തോസ് ഉയർത്താനിടയുള്ള സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. യു.കെയും കാനഡയും സമാനമായി പ്രമുഖ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർക്കുകയും സൈബർ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. പ്രമുഖ ബാങ്കുകളുടെ സംവിധാനങ്ങൾക്കുള്ളിലെ സൈബർ സുരക്ഷാ പിഴവുകൾ ആരെങ്കിലും മിത്തോസ് അടക്കമുള്ളവ ദുരുപയോഗം ചെയ്ത് കണ്ടെത്താനുള്ള സാധ്യത വിലയിരുത്താനായിരുന്നു ഇത്.
എന്നാൽ ക്ലോസ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതിനാൽ യാതൊരു തരത്തിലുള്ള സൈബർ സുരക്ഷാ ഭീഷണിയും എഐ മോഡൽ ഉയർത്തുന്നില്ല എന്നാണ് കമ്പനി യു.എസ് ഭരണകൂടത്തെയടക്കം അറിയിച്ചിരുന്നത്. എഐ കമ്പനി നൽകിയ ഈ ഉറപ്പ് പാഴാകുമോ എന്ന ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്.
ഉപയോക്താക്കളുടെ ഒരു ചെറിയ സംഘം ക്ലോഡ് മിത്തോസിലേക്ക് അനുമതിയില്ലാതെ പ്രവേശനം നേടിയതായി ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു സ്വകാര്യ ഓൺലൈൻ ഫോറത്തിലെ ഉപയോക്താക്കളുടെ ഗ്രൂപ്പാണ് ക്ലോഡ് മിത്തോസിൽ കടന്നുകയറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ ഗുഗിൾ അടക്കമുള്ള കമ്പനികൾക്കും ചില സംഘടനകൾക്കും മാത്രം മിത്തോസ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ച ദിവസം തന്നെ അവർ മിത്തോസ് ആക്‌സസ് ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം.
സൈബർ സുരക്ഷാ ഗവേഷണത്തിനായി സാധാരണയായി ഉപയോഗിക്കുന്ന ഓൺലൈൻ ടൂളുകൾ അടക്കമുള്ളവ ഉപയോഗിച്ചാണ് ഗ്രൂപ്പ് മിത്തോസിലേക്ക് പ്രവേശനം നേടിയതെന്നാണ് സൂചന. ആന്ത്രോപിക് സിസ്റ്റങ്ങളിൽ ഉപയോഗിച്ചിരുന്ന പാറ്റേണുകൾ പിന്തുടർന്ന് അവർ അത് സാധ്യമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പുറത്തിറങ്ങാത്ത എഐ മോഡലുകൾ ട്രാക്ക് ചെയ്യുന്നതിൽ ്ര്രശദ്ധ കേന്ദ്രീകരിക്കുന്ന ഗ്രൂപ്പാണിത്. അവർക്ക് ക്ലോഡ് മിത്തോസുമായി സംവദിക്കാൻ കഴിഞ്ഞുവെങ്കിലും സൈബർ സുരക്ഷാ സംബന്ധമായ കാര്യങ്ങൾക്കായി അവർ അത് ഉപയോഗിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ആന്ത്രോപിക് വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശവാദം സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു.
സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ ക്ലോഡ് മിത്തോസ് മറ്റ് എഐ മോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരിശോധനയ്ക്കിടെ മിത്തോസ് ആയിരക്കണക്കിന് നിർണായക സുരക്ഷാ പിഴവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
Content Highlights: Unauthorized users accessed Anthropic's unreleased Mythos AI model., The breach occurred via a third-party contractor environment., Mythos is highly advanced, capable of discovering zero-day vulnerabilities in hours., Anthropic confirms investigation into the third-party vendor incident., No evidence of impact on Anthropic's core systems.