ആന്ത്രോപിക്കിന്റെ ഏറ്റവും ശക്തമായ AI മോഡൽ, പക്ഷെ ഉടനൊന്നും പുറത്തിറക്കില്ല; അപകടകരമെന്ന് കമ്പനി

കമ്പനി ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ശക്തമായ എഐ (നിർമിതബുദ്ധി) മോഡൽ രഹസ്യമായി പരീക്ഷിക്കുകയാണ് ആന്ത്രോപിക്. ഇതുസംബന്ധിച്ച ചില രേഖകൾ ചോർന്നതോടെയാണ് ക്ലോഡ് മിത്തോസ് (Claude Mythos) എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിനെക്കുറിച്ച് പുറംലോകം അറിയുന്നത്.
നിലവിലുള്ള ക്ലോഡ് ശ്രേണിക്ക് മുകളിലാണ് കമ്പനി ഇതിനെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ പരീക്ഷണത്തെക്കുറിച്ച് ആന്ത്രോപിക് ഫോർച്യൂണിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ മോഡൽ ഇപ്പോൾ പുറത്തിറക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്ന വിലയിരുത്തലിലാണ് കമ്പനി.
റീസണിങ്, കോഡിംഗ്, സൈബർ സുരക്ഷ എന്നിവയിൽ മിന്നുന്ന പ്രകടം കാഴ്ചവെക്കുന്ന എഐ മോഡൽ എന്നാണ് ആന്ത്രോപിക് വക്താവ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതിന്റെ ശക്തി കാരണം, ഞങ്ങൾ അത് പുറത്തിറക്കുന്നത് അതീവ ശ്രദ്ധയോടെ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിത്തോസ് എഐ മോഡൽ കോഡിങ്, അക്കാദമിക് റീസണിംഗ്, സൈബർ സുരക്ഷാ ജോലികൾ എന്നിവയിൽ ക്ലോഡ് ഓപ്പസ് 4.6 നേക്കാൾ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ്. ഈ മോഡൽ ഹാക്കിങ്ങിന് വളരെ മികച്ചതാണ്. അതിനാൽ അത് മുന്നൊരുക്കമില്ലാതെ പുറത്തിറക്കുന്നത് അപകടകരമാകും എന്ന് ആന്ത്രോപിക് വിലയിരുത്തുന്നു. വിദഗ്ധരായ മനുഷ്യർ ഉൾപ്പെട്ട ടീമുകൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും വളരെ വേഗത്തിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും മുതലെടുക്കാനും കഴിവുള്ളതാണ് ഈ എഐ മോഡൽ. ഈ കഴിവ് ആശങ്ക ഉയർത്തുന്നതിനാലാണ് ആന്ത്രോപിക് ഇത് പുറത്തിറക്കുന്നത് ശ്രദ്ധയോടെ മാത്രം മതി എന്ന് തീരുമാനിച്ചിട്ടുള്ളത്.
കമ്പനി തിരഞ്ഞെടുക്കുന്ന സൈബർ സുരക്ഷാ സംഘടനകൾക്കാവും എഐ മോഡൽ ആദ്യം ലഭ്യമാക്കുക. മോഡൽ വ്യാപകമായി ലഭ്യമാകുന്നതിന് മുമ്പ് ദുരുപയോഗം തടയുന്ന തരത്തിൽ സിസ്റ്റങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന വിലയിരുത്തലാണ് ഇതിന് പിന്നിൽ. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ എഐ മോഡൽ ചെലവേറിയത് ആയിരിക്കുമെന്നും കമ്പനി പറയുന്നു.
Content Highlights: Introduction of the new 'Capybara' tier above Claude Opus., Unmatched capabilities in software coding and academic reasoning., High-risk cybersecurity potential necessitates a restricted, defensive-first rollout., Significant compute costs and efficiency challenges for general release.