Claude Duet അവതരിപ്പിച്ച് ആന്ത്രോപിക്; സഹായിയായി പുതിയ പേഴ്സണൽ നിർമിത ബുദ്ധി അസിസ്റ്റന്റ്

ജോലികൾ എളുപ്പമാക്കാൻ പുതിയ പേഴ്സണൽ നിർമിത ബുദ്ധി അസിസ്റ്റന്റായ ക്ലോഡ് ഡ്യുവറ്റ് (Claude Duet) അവതരിപ്പിച്ച് ആന്ത്രോപിക്. നിലവിൽ അമേരിക്കയിൽ റിസർച്ച് പ്രിവ്യൂ ഘട്ടത്തിലുള്ള ക്ലോഡ് ഡ്യുവറ്റിന് ആന്ത്രോപിക്കിന്റെ പ്രോ, മാക്സ് സബ്സ്ക്രൈബർമാർക്ക് വെയിറ്റ്ലിസ്റ്റിലൂടെ പ്രവേശനം നേടാം.
6,000-ത്തിലധികം കണക്ടറുകളെ, അഥവാ ആപ്പുകളേയും സേവനങ്ങളേയും ക്ലോഡ് ഡ്യുവറ്റ് പിന്തുണയ്ക്കും. ആപ്പുകളിലെ സന്ദേശങ്ങളും അറിയിപ്പുകളും പരിശോധിച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ ഉപയോക്താക്കളെ ഓർമിപ്പിക്കും. ദിവസേന കണക്റ്റഡ് ആപ്പുകളിലെ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ, ലഭിക്കാതെ പോയ അറിയിപ്പുകൾ, സന്ദേശങ്ങൾ എന്നിവയുടെ സംഗ്രഹം ക്ലോഡ് ഡ്യുവറ്റ് നൽകും.
ഉദാഹരണത്തിന്, സ്ലാക്കിലോ ജി മെയിലിലോ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപയോക്താവ് എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതുണ്ടെങ്കിൽ ക്ലോഡ് ഡ്യുവറ്റ് അത് അറിയിക്കും. സന്ദേശങ്ങൾ വായിക്കാനും മറുപടികൾ തയ്യാറാക്കാനും അസിസ്റ്റന്റിന് കഴിയും. മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യുന്നതുപോലുള്ള ഭരണപരമായ ജോലികൾ കൈകാര്യം ചെയ്യുന്നതിനൊപ്പം ഡാഷ്ബോർഡുകൾ, സാമ്പത്തിക റിപ്പോർട്ടുകൾ, വിൽപ്പന പ്രവചനങ്ങൾ, വെബ് ആപ്പുകൾ, പ്രോട്ടോടൈപ്പുകൾ എന്നിവ സൃഷ്ടിക്കാനും ക്ലോഡ് ഡ്യുവറ്റിന് സാധിക്കും.
സന്ദേശങ്ങൾ അയയ്ക്കാനും പണമിടപാടുകൾ നടത്താനും നിയന്ത്രണങ്ങൾ
എല്ലാ കാര്യങ്ങളും സ്വതന്ത്രമായി ചെയ്യാൻ ക്ലോഡ് ഡ്യുവറ്റിന് സാധിക്കില്ല. സന്ദേശം അയയ്ക്കുക, പണമടയ്ക്കുക, രേഖയിൽ ഒപ്പിടുക, ഫയലോ മറ്റെന്തെങ്കിലുമോ നീക്കം ചെയ്യുക തുടങ്ങിയ നടപടികൾക്ക് മുമ്പ് ഉപയോക്താവിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാലും സെക്യൂരിറ്റികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക, പണം അയക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലോഡ് ഡ്യുവറ്റ് ചെയ്യില്ലെന്ന് ആന്ത്രോപിക്ക് വ്യക്തമാക്കുന്നു.
തെറ്റുകൾക്ക് സാധ്യത
നിലവിൽ ലഭ്യമാക്കിയ റിസർച്ച് പ്രിവ്യൂ പതിപ്പിൽ തെറ്റുകൾ സംഭവിക്കാനിടയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സന്ദേശങ്ങൾ തെറ്റായി വായിക്കാനോ ഏതെല്ലാം കാര്യങ്ങളാണ് അടിയന്തരമെന്ന് വിലയിരുത്തുന്നതിൽ പിഴവുകൾ സംഭവിക്കാനോ സാധ്യതയുണ്ട്.
എങ്ങനെ ഉപയോഗിക്കാം?
നിലവിൽ അമേരിക്കയിലെ പ്രോ, മാക്സ് സബ്സ്ക്രൈബർമാർക്കാണ് ക്ലോഡ് ഡ്യുവറ്റ് ലഭ്യമാകുന്നത്. താൽപര്യമുള്ളവർക്ക് വെയിറ്റ്ലിസ്റ്റിൽ ചേരാം. പ്രവേശനം ലഭിക്കുമ്പോൾ ഇ മെയിൽ വഴി അറിയിക്കും. ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്ക്കായി പ്രത്യേക ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ക്ലോഡ് വെബ്സൈറ്റ് വഴിയും ആപ്പ് ഡൗൺലോഡ് ചെയ്യാം. നിലവിലുള്ള പ്രോ, മാക്സ് പ്ലാനുകളുടെ ഉപയോഗപരിധി ക്ലോഡ് ഡ്യുവറ്റിനും ബാധകമാണ്.
Content Highlights: Anthropic has launched Claude Duet, a new personal AI assistant designed to integrate with thousands of apps and streamline daily administrative tasks. Currently in research preview for US Pro and Max subscribers, the tool features built-in safety guardrails requiring user permission for critical actions.