വിവര സുരക്ഷ ഉറപ്പാക്കണം; ഡേറ്റാ പ്രോസസിങ് രാജ്യത്തിനകത്തേക്ക് മാറ്റാൻ ആന്ത്രോപിക്

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മകചിത്രം | Getty
പ്രതീകാത്മകചിത്രം | Getty

മുംബൈ: അമേരിക്കൻ നിർമിതബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് എ.ഐ. മോഡലുകളുടെ പ്രോസസിങ് ഇന്ത്യയിലാക്കുന്നു. ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവന വിഭാഗമായ ബെഡ്റോക്ക് വഴിയാണ് ആന്ത്രോപിക് ക്ലോഡ് എ.ഐ. പ്രോസസിങ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ഇന്ത്യയിലെ വിവര സുരക്ഷാ നിയമം പാലിക്കാൻ ഇത് ആഭ്യന്തര കമ്പനികളെ സഹായിക്കും. ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആന്ത്രോപിക് ഇന്ത്യയിൽ ആമസോൺ ബെഡ്റോക്ക് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുന്നത്. ക്ലോഡ് ഓപസ് 5, സോണറ്റ് 5, ഹൈകു 4.5 ഉൾപ്പെടെയുള്ള മോഡലുകൾ ഇന്ത്യയിലെ ഡേറ്റാ സെന്ററുകൾ വഴിയായിരിക്കും ഇനി പ്രോസസിങ് നടത്തുക.

രാജ്യത്തെ ബാങ്കുകൾ, സർക്കാർ ഏജൻസികൾ, ആരോഗ്യമേഖല തുടങ്ങി നിയന്ത്രണങ്ങൾക്കു വിധേയമായ സ്ഥാപനങ്ങൾക്ക് വിവരസുരക്ഷ ഉറപ്പാക്കി നിർമിതബുദ്ധി പ്ലാറ്റ്ഫോം ഉപയോഗിക്കാൻ എളുപ്പമാകുമെന്നതാണ് ഇതിന്റെ ഗുണം. വിവരങ്ങൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ തന്നെയാകും പ്രോസസ് ചെയ്യുക. പുതിയ നിർമിതബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോഴും രാജ്യത്തെ വിവര സുരക്ഷാ നിയമങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ സാധിക്കും.

ആഗോളതലത്തിൽ ക്ലോഡ് എ.ഐ.യുടെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ മാറിയെന്ന് കമ്പനി പറയുന്നു. നിർമിതബുദ്ധി കമ്പനികൾ പ്രാദേശിക സെർവറുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ അത് ഇന്ത്യൻ വ്യവസായലോകത്ത് കമ്പനികൾക്ക് വലിയ അവസരമായി മാറും. ഡേറ്റാ പ്രോസസിങ് ഇന്ത്യയിലേക്കു മാറ്റുന്നതിലൂടെ ചെറിയ എ.ഐ. പ്രോജക്റ്റുകളിൽനിന്ന് വലിയ മാറ്റങ്ങളിലേക്ക് കടക്കാൻ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് സാധിക്കുമെന്ന് ആന്ത്രോപിക് ഇന്ത്യ മാനേജിങ് ഡയറക്ടർ ഐറീന ഘോഷ് പറഞ്ഞു. ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കൂട്ടാനും ഇന്ത്യൻ ഭാഷകളിൽ ക്ലോഡിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും പദ്ധതിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Anthropic is bringing its Claude AI model processing to India through Amazon Bedrock to help local companies comply with national data security regulations.