ആമസോൺ ഡാറ്റാ സെന്ററുകൾ കഴിഞ്ഞവർഷം ‘കുടിച്ചുതീർത്തത്’ 946 കോടി ലിറ്റർ വെള്ളം; കുറവെന്ന് കമ്പനി

#Technology Desk
ആമസോൺ ഡാറ്റാ സെന്ററിൽ ജോലി ചെയ്യുന്ന ടെക്നീഷ്യൻ | Photo: Getty Images
ആമസോൺ ഡാറ്റാ സെന്ററിൽ ജോലി ചെയ്യുന്ന ടെക്നീഷ്യൻ | Photo: Getty Images

ങ്ങളുടെ ഡാറ്റാ സെന്ററുകൾ കഴിഞ്ഞവർഷം ഉപയോഗിച്ച വെള്ളത്തിന്റേയും വൈദ്യുതിയുടേയും കണക്ക് പുറത്തുവിട്ട് ആമസോൺ. എതിരാളികളായ കമ്പനികളേക്കാൾ കുറവാണ് തങ്ങളുടെ വെള്ളത്തിന്റെ ഉപയോഗമെന്ന് കമ്പനി അവകാശപ്പെട്ടു. ആഗോളതലത്തിൽ 2025-ൽ ആമസോണിന്റെ ഡാറ്റാ സെന്ററുകൾ ഉപയോഗിച്ചത് 250 കോടി ഗ്യാലൺ അഥവാ 946 കോടി ലിറ്റർ വെള്ളമാണെന്ന് കമ്പനി പറയുന്നു.

ഇതാദ്യമായാണ് ആമസോൺ തങ്ങളുടെ ഡാറ്റാ സെന്ററുകളെ കുറിച്ചുള്ള ഇതുപോലുള്ള വിവരങ്ങൾ പരസ്യമാക്കുന്നത്. 946 കോടി ലിറ്റർ എന്നത് ഭീമമായ സംഖ്യയാണെങ്കിലും മുൻവർഷത്തേക്കാൾ (2024) രണ്ട് ശതമാനം കുറവാണ് ഇതെന്ന് ആമസോൺ അവകാശപ്പെടുന്നു. ഡാറ്റാ സെന്ററുകൾ വിപുലീകരിച്ചിട്ടുപോലും ജലത്തിന്റെ ഉപഭോഗം കുറയ്ക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്.

എഐയ്ക്കായുള്ള ഡാറ്റാ സെന്ററുകളുടെ ജല ഉപഭോഗവും അവയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതവുമെല്ലാം വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന സമയത്താണ് ആമസോൺ ഈ കണക്ക് പുറത്തുവിടുന്നത്. തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ആമസോൺ ഈ വിവരങ്ങൾ പുറത്തുവിട്ടത്. മറ്റ് ടെക് കമ്പനികളുടെ ഡാറ്റാ സെന്ററിന്റെ ജല ഉപഭോഗത്തിന്റെ കണക്കും താരതമ്യത്തിനായി ആമസോൺ ബ്ലോഗ് പോസ്റ്റിൽ പങ്കുവെച്ചിരുന്നു.

ബ്ലോഗിൽ പറയുന്നത് പ്രകാരം ആമസോൺ ഡാറ്റാ സെന്ററുകൾ 2025-ൽ ഒരു കിലോവാട്ട് അവർ വൈദ്യുതിക്ക് 0.12 ലിറ്റർ വെള്ളമാണ് ചെലവാകുന്നത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.

ആമസോൺ തങ്ങളുടെ മുഴുവൻ ഡാറ്റാ സെന്ററുകളുടേയും കണക്കാണ് പുറത്തുവിട്ടത്. അതേസമയം ഗൂഗിളിന്റേത് ജെമിനി എഐക്ക് വേണ്ടിയുള്ള ഡാറ്റാ സെന്ററുകളിലെ മാത്രം കണക്കാണ്. ഹൈ എൻഡ് ജിപിയുകൾ ഉപയോഗിക്കുന്നതിനാൽ ഇവ കൂടുതൽ വെള്ളം ഉപയോഗിക്കും. അതുപോലെ ആമസോൺ പുതിയ ഡാറ്റാ സെന്ററുകൾ നിർമിക്കുമ്പോഴും ഡാറ്റാ സെന്ററുകൾക്ക് വേണ്ടി വൈദ്യുതി ഉത്പാദിപ്പിക്കുമ്പോഴും ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം ആമസോണിന് ലോകമാകെ 924 ഡാറ്റാ സെന്ററുകളാണുള്ളത്. 2030 ആകുമ്പോഴേക്ക് ആമസോണിന്റെ ഡാറ്റാ സെന്ററുകൾ 770 കോടി ഗ്യാലൺ വെള്ളം ഉപയോഗിക്കുമെന്നാണ് 2022-ൽ ചോർന്ന് പുറത്തുവന്ന ഒരു മെമോയിൽ പറയുന്നത്. അതേസമയം കമ്പനി ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കക്കാർ ഓരോ വർഷവും പൂന്തോട്ടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തേക്കാൾ കുറവാണ് തങ്ങളുടെ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്ന വെള്ളമെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. അമേരിക്കക്കാർ പ്രതിവർഷം 3.3 ലക്ഷം കോടി ഗ്യാലൺ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ആമസോൺ പറയുന്നു. ഇത് തങ്ങളുടെ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്നതിനേക്കാൾ 1300 മടങ്ങ് കൂടുതലാണെന്നും ആമസോൺ പറയുന്നു.

2030 ആകുമ്പോഴേക്ക് വാട്ടർ പോസിറ്റീവാകാനാണ് തങ്ങളുടെ പദ്ധതി. അതായത്, ഡാറ്റാസെന്ററുകളിൽ നേരിട്ട് ഉപയോഗിക്കുന്ന ഓരോ ഗ്യാലൺ വെള്ളത്തിനും അതിനേക്കാൾ കൂടുതൽ സമൂഹത്തിന് തിരികെ നൽകും. ആ ലക്ഷ്യത്തിന്റെ 75 ശതമാനം ഇതിനകം കൈവരിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു. കുടിവെള്ളത്തിന് പകരം സംസ്‌കരിച്ച മലിനജലമാണ് ചിലയിടങ്ങളിൽ ഉപയോഗിക്കുന്നത്. 26 ഇടങ്ങളിൽ 100 ശതമാനം പുനരുപയോഗിച്ച വെള്ളമാണ് ഉപയോഗിക്കുന്നത്. ആഗോളതലത്തിൽ 130 ഡാറ്റാസെന്ററുകൾ കൂടി ഇങ്ങനെയാക്കും.

ആമസോൺ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഭൂരിഭാഗവും സെർവറുകളെ തണുപ്പിക്കുന്നതിനുവേണ്ടിയാണ്. 90 ശതമാനം സമയവും സെർവറുകളെ തണുപ്പിക്കാൻ തങ്ങളുടെ ഡാറ്റാ സെന്ററുകൾ പുറത്തുള്ള വായുവിനെയാണ് ആശ്രയിക്കുന്നത്. വർഷത്തിലെ ചൂടേറിയ ദിവസങ്ങളിലെ ഏറ്റവും ചൂടേറിയ സമയത്ത് മാത്രമാണ് വെള്ളം ഉപയോഗിച്ച് തണുപ്പിക്കാറുള്ളൂവെന്നും ആമസോൺ പറയുന്നു.

Content Highlights: Amazon revealed that its global data centers consumed 2.5 billion gallons or 9.46 billion liters of water in 2025, which marks a two percent decline compared to 2024 despite expanding its infrastructure.