ചൈനയുടെ നീക്കത്തിനെതിരെ വമ്പന്മാര്‍; റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കൂറ്റന്‍ റീസൈക്ലിങ്പ്ലാന്റ് വരുന്നു

റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ (rare-earths) റീസൈക്ലിങ് പ്ലാന്റും റിസര്‍ച്ച് സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി കാനഡയില്‍ 2.5 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ വമ്പന്മാരുടെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പ്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ബിഎംഡബ്ല്യു ഗ്രൂപ്പ് എന്നിവയുടെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പായ സൈക്ലിക് മെറ്റീരിയല്‍സാണ് കാനഡയിലെ ഒന്റാറിയോയില്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 2026-ന്റെ ആദ്യ പാദത്തില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചേക്കും. റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ വര്‍ധിച്ചുവരുന്ന ആഗോള ആവശ്യകതയുടെയും ഇവയ്ക്കുമേല്‍ ചൈനയ്ക്കുള്ള ആധിപത്യത്തിന്റെയും പശ്ചാത്തലത്തിലാണിത്.
നിര്‍ണായക ധാതുക്കളുടെ വടക്കേ അമേരിക്കയിലെ ലഭ്യത ഉറപ്പാക്കാനാണ് വമ്പന്‍ കമ്പനികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. വിന്‍ഡ് ടര്‍ബൈനുകള്‍, ഡാറ്റാ സെന്റര്‍ ഹാര്‍ഡ് ഡ്രൈവുകള്‍, ഇലക്ട്രിക് വാഹന ഘടകങ്ങള്‍ എന്നിവയുടെ ഉപയോഗശൂന്യമായ ഘടകങ്ങളില്‍നിന്ന് അപൂര്‍വ്വ ഭൗമ ധാതുക്കളെ വേര്‍തിരിച്ചെടുക്കാനുള്ളതാണ് പദ്ധതി. അമേരിക്കയുടെ ഉയര്‍ന്ന തീരുവയ്ക്ക് മറുപടിയായി ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ വിതരണ ശൃംഖലയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കങ്ങളെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുചെയ്യുന്നു. കമ്പനിക്ക് കിംഗ്സ്റ്റണില്‍ ഒരു കേന്ദ്രവും അരിസോണയില്‍ ഒരു പ്രോസസിങ് സൈറ്റും നിലവിലുണ്ട്.
അമേരിക്കയും ചൈനയും തമ്മിലുള്ളതര്‍ക്കം പ്രതിരോധ ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സെമികണ്ടക്ടറുകള്‍, പുനരുപയോഗ ഊര്‍ജോത്പാദനത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് അത്യാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ലോകത്തിലെ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ 70 ശതമാനം ഖനനം ചെയ്യുന്നതും 90 ശതമാനത്തിലധികം സംസ്‌കരിക്കുകയും ചെയ്യുന്നത് ചൈനയാണ്. ഇത് ആഗോള വിതരണ ശൃംഖലയില്‍ അവര്‍ക്ക് കാര്യമായ നിയന്ത്രണം നല്‍കുന്നുണ്ട്. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്ക് ആഗോളതലത്തില്‍ 20 മുതല്‍ 30 ബില്യണ്‍ ഡോളര്‍ വരെ വിപണിയുണ്ട്. ലക്ഷക്കണക്കിന് കോടി ഡോളറിന്റെ വ്യവസായങ്ങളുടെ സുപ്രധാന അസംസ്‌കൃത വസ്തുക്കളാണിവ. ഇവയുടെ ശക്തമായ പ്രാദേശിക വിതരണ ശൃംഖല സൃഷ്ടിക്കുകയാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്.
കിംഗ്സ്റ്റണ്‍ പ്ലാന്റ് പ്രതിവര്‍ഷം 500 മെട്രിക് ടണ്‍ വസ്തുക്കള്‍ സംസ്‌കരിക്കാനും ഇലക്ട്രിക് വാഹന മോട്ടോറുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് എന്നിവയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. വ്യവസായ മേഖലയില്‍നിന്നുള്ള ഡിംമാന്‍ഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ണായക ധാതുക്കളുടെ ഒരു പ്രധാന കേന്ദ്രമായി മാറാനുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. നിലവില്‍ റെയര്‍ എര്‍തത് മൂലകങ്ങളുടെ ആഗോള വിതരണത്തിന്റെ 80 ശതമാനത്തിലധികവും ചൈനയില്‍ നിന്നാണ്. പുതിയ സംരംഭം ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നൂതന പുനരുപയോഗ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് ഉള്ളതാണ് റിസര്‍ച്ച് സെന്റര്‍.
Content Highlights: amazon and microsoft backed startup to build rare earths recycling plant in canada