എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി യൂട്യൂബ് പ്രീമിയം സേവനവും; പുതിയ ടോപ്പ് അപ്പ് പ്ലാൻ

#ടെക്നോളജി ഡ‍െസ്ക്
Photo: Mathrubhumi
Photo: Mathrubhumi

കൊച്ചി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം വിനോദ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി എയർടെൽ യൂട്യൂബുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മൊബൈൽ ഡാറ്റ എന്നത്  കണക്റ്റിവിറ്റിക്കപ്പുറം സിനിമകളും ഷോകളും കാണുന്നതിനും ക്രീയേറ്റർമാരെ പിന്തുടരുന്നതിനും സംഗീതം ആസ്വദിക്കുന്നതിനുമുള്ള പ്രധാന മാർഗ്ഗമായി മാറിയ സാഹചര്യത്തിലാണ് ഈ നീക്കം.

ഈ പങ്കാളിത്തത്തിലൂടെ പരസ്യങ്ങളില്ലാത്ത യൂട്യൂബ് അനുഭവം, ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാകും. എയർടെല്ലിന്റെ വിനോദ നിരയിലേക്ക് യൂട്യൂബ് പ്രീമിയം കൂടി കൂട്ടിച്ചേർക്കുന്നതോടെ പ്രീപെയ്ഡ് വിനോദ വാഗ്ദാനങ്ങൾ കമ്പനി കൂടുതൽ വിപുലീകരിച്ചു.

200 രൂപയുടെ ഒടിടി ടോപ്പ്അപ്പിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്. ഇതിൽ യൂട്യൂബ് പ്രീമിയത്തിന് പുറമേ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, സീ 5 പ്രീമിയം, സോണിലിവ് എന്നിവ ഉൾപ്പെടെ 18-ലധികം മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളും 30 ജിബി അധിക ഡാറ്റയും ലഭിക്കും. നിലവിലെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ഈ ടോപ്പ്അപ്പ് ലഭ്യമാണ്.

ടോപ്പ്അപ്പ് വാങ്ങിയ ശേഷം എയർടെൽ ആപ്പിലെ 'റിവാർഡ്‌സ് & ഒ ടി ടി കൾ' (Rewards & OTTs) എന്ന സെക്ഷനിലൂടെ യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം. വാലിഡിറ്റി: 28 ദിവസത്തെ വാലിഡിറ്റി അവസാനിക്കുമ്പോൾ വീണ്ടും ടോപ്പ്അപ്പ് ചെയ്ത് യൂട്യൂബ് പ്രീമിയം പുതുക്കാവുന്നതാണ്.

Content Highlights: Airtel has partnered with YouTube to offer ad-free streaming, background play, and YouTube Music Premium for prepaid customers through a new ₹200 OTT top-up. The pack includes access to over 18 OTT platforms and 30GB of extra data, easily claimable via the Airtel Thanks app.