ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി എയർടെൽ- കാന്റർ റിപ്പോർട്ട്

കൊച്ചി: കാന്ററിന്റെ 2026-ലെ ബ്രാൻഡ്സ് റിപ്പോർട്ട് പ്രകാരം എയർടെൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ പട്ടിക ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഒരു ടെലികോം കമ്പനി ഒന്നാം സ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ശതമാനം വളർച്ച നേടിയ എയർടെലിന്റെ ബ്രാൻഡ് മൂല്യം 43.2 ബില്യൺ യു.എസ്. ഡോളറാണ്. 2020-നുശേഷം എയർടെലിന്റെ മൂല്യത്തിൽ 210 ശതമാനം വർധനയുണ്ടായി. പട്ടികയിൽ എച്ച്.ഡി.എഫ്.സി. ബാങ്ക് (രണ്ടാം സ്ഥാനം), ടാറ്റ കൺസൾട്ടൻസി സർവീസസ് (മൂന്നാം സ്ഥാനം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (നാലാം സ്ഥാനം), ഐ.സി.ഐ.സി.ഐ. ബാങ്ക് (അഞ്ചാം സ്ഥാനം) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
മീഷോ (64% വളർച്ച), റോയൽ എൻഫീൽഡ് (60% വളർച്ച), ടി.വി.എസ്. (33% വളർച്ച) എന്നിവയാണ് ഏറ്റവും വേഗത്തിൽ വളർന്ന പ്രധാന ബ്രാൻഡുകൾ. മികച്ച 100 ഇന്ത്യൻ ബ്രാൻഡുകളുടെ ആകെ മൂല്യം 460.3 ബില്യൺ ഡോളറാണെങ്കിലും, എഐ (AI) അധിഷ്ഠിത മാറ്റങ്ങളുടെ സമ്മർദങ്ങൾക്കിടയിൽ മൊത്തത്തിലുള്ള ബ്രാൻഡ് മൂല്യത്തിൽ 12 ശതമാനം കുറവ് രേഖപ്പെടുത്തി. ബ്ലിങ്കിറ്റ്, നെസ്കഫേ, പ്രസ്റ്റീജ് ഗ്രൂപ്പ്, റാപ്പിഡോ, ബ്രൂ തുടങ്ങിയ ഒൻപത് ബ്രാൻഡുകൾ ഇതാദ്യമായി ആദ്യ 100 പട്ടികയിൽ ഇടംനേടി. എയർടെൽ (62), എച്ച്.ഡി.എഫ്.സി. ബാങ്ക് (63), ടി.സി.എസ്. (82) എന്നിവ ആഗോളതലത്തിലെ മികച്ച 100 ബ്രാൻഡുകളുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: Airtel has been named India's most valuable brand in Kantar's 2026 BrandZ report with a valuation of $43.2 billion, becoming the first telecom company to top the list since its inception in 2014.