ബുദ്ധിമുട്ടുകൾ ആദ്യഘട്ടത്തിൽ മാത്രം; AI പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും- മന്ത്രി

#ടെക്‌നോളജി ഡെസ്‌ക്
മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു.
മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു.

കൊച്ചി: നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് വ്യവസായ - എ.ഐ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പുതിയ സാങ്കേതികവിദ്യ കടന്നുവരുമ്പോൾ അതിന്റെ പ്രാരംഭ ഘട്ടത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ മാറ്റത്തിന്റെ കാലഘട്ടം പിന്നിട്ടു കഴിഞ്ഞാൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാങ്കേതികവിദ്യയ്ക്ക് തന്നെ കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച 'ദീക്ഷാരംഭം' പരിപാടിയിൽ എ.ഐ മനുഷ്യന്റെ തൊഴിലിനെ എങ്ങനെ ബാധിക്കുമെന്ന വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് മികച്ച വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിൽ കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നൂതന പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിലൂടെ കൂടുതൽ എ.ഐ വിദഗ്ദ്ധരെ സൃഷ്ടിക്കാനും എ.ഐ യുഗത്തിൽ മികവിന്റെ കേന്ദ്രമായി മാറാനും യൂണിവേഴ്‌സിറ്റിക്ക് സാധിക്കുന്നുണ്ട്. എ.ഐ സാക്ഷരതാ ക്യാമ്പയിനുകളിലും അക്കാദമിക തലത്തിലുള്ള മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് മാറി എ.ഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിൽ സർവകലാശാല വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ ലത വ്യക്തമാക്കി. ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരായ തലമുറയെ വാർത്തെടുക്കാനും വിദ്യാർഥികളെ ശോഭനമായ ഭാവിക്കായി സജ്ജരാക്കാനും സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.

'എ.ഐയുടെ അനന്തമായ സാധ്യതകൾ തിരിച്ചറിഞ്ഞുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ അഭിനന്ദനാർഹമാണ്. എ.ഐ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മന്ത്രിക്ക് പ്രത്യേകം ചുമതല നൽകിയതിലൂടെ ഈ രംഗത്ത് വളരെ വേഗം മികവ് കൈവരിക്കാൻ കേരളത്തിന് സാധിക്കും. മാറുന്ന സാങ്കേതികവിദ്യകൾക്കൊപ്പം കേരളത്തിന്റെ എ.ഐ പദ്ധതികൾക്ക് കരുത്തേകാൻ ജെയിൻ യൂണിവേഴ്‌സിറ്റി എന്നും ഒപ്പമുണ്ടാകും. വ്യവസായ മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന നൈപുണ്യമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,' - ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. ചടങ്ങിൽ ഐടി സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, യൂണിവേഴ്‌സിറ്റി അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Content Highlights: AI technology will drive future job creation despite initial transition challenges., Jain University is pioneering AI-integrated education to prepare students for the global market., The Kerala government is prioritizing AI initiatives to enhance industrial growth., Collaboration between academia and industry is essential for AI literacy.