AI ഹാർഡ്വെർ നിർമാണ രംഗത്തേക്ക് കൊച്ചി; SFO-യും US കമ്പനിയും കൈകോർക്കുന്നു

കൊച്ചി: നിർമിതബുദ്ധി (എ.ഐ.) രംഗത്തെ അത്യാധുനിക ഡേറ്റാ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും. കേരളം ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിർമാണ സ്ഥാപനമായ എസ്.എഫ്.ഒ. ടെക്നോളജീസും അമേരിക്കൻ കമ്പനിയായ സ്മാർട്ട് ഐ.ഒ.പി.എസും തമ്മിൽ ഇതിനായി ധാരണയായി. എ.ഐ. ഹാർഡ്വെർ ഉത്പാദനത്തിൽ ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റാൻ സഹായിക്കുന്നതാണ് പദ്ധതി.
സ്മാർട്ട് ഐ.ഒ.പി.എസിന്റെ 'ട്രൂ റാണ്ടം' സാങ്കേതികവിദ്യ ഉപയോഗിച്ച് എ.ഐ. അധിഷ്ഠിത സിസ്റ്റങ്ങൾ, ഡേറ്റാ സെന്ററുകൾ, സൂപ്പർ കംപ്യൂട്ടറുകൾ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് (എസ്.എസ്.ഡി.) കൊച്ചിയിലെ കേന്ദ്രത്തിൽ ഉത്പാദിപ്പിക്കുക.
സാധാരണ ഇലക്ട്രോണിക്സ് ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന ശൈലിയിൽ നിന്ന് മാറി, സങ്കീർണമായ എ.ഐ. ഹാർഡ്വെറുകൾ നേരിട്ട് നിർമിക്കുന്ന ഘട്ടത്തിലേക്ക് സംസ്ഥാനത്തെ ടെക് മേഖല വളരുന്നതിന്റെ സൂചനയാണിത്.
ഉയർന്ന കൃത്യതയും പ്രത്യേക താപനിയന്ത്രണ സംവിധാനങ്ങളും ആവശ്യമായ ഇത്തരം ഉത്പാദനം കേരളത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് വേഗം പകരും. കേന്ദ്ര സർക്കാരിന്റെ 'ആത്മനിർഭർ ഭാരത്' ലക്ഷ്യങ്ങൾക്ക് കരുത്തു പകരുന്നതാണ് ഈ പങ്കാളിത്തമെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ പറഞ്ഞു.
ലോകോത്തര നിലവാരമുള്ള എ.ഐ. ഉപകരണങ്ങൾ നിർമിക്കാനുള്ള സാങ്കേതിക തികവ് കൊച്ചിക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് സ്മാർട്ട് ഐ.ഒ.പി.എസ്. സഹസ്ഥാപകൻ രാധാകൃഷ്ണൻ നായർ ചൂണ്ടിക്കാട്ടി.
Content Highlights: NEST Group's SFO Technologies partners with US-based Smart IOPS to manufacture AI data storage devices in Kochi., Production will focus on high-speed Solid State Drives (SSDs) for AI systems, data centers, and supercomputers., Utilizes Smart IOPS 'True Random' technology for advanced AI hardware production., Aligns with the 'Aatmanirbhar Bharat' initiative, positioning Kerala as a global hub for AI hardware.