ചെലവ് കുതിച്ചുയരുന്നു; AI ഉപയോഗം പുനഃപരിശോധിക്കാൻ മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികൾ

നിർമിതബുദ്ധി (എഐ) വ്യാപകമാകുന്നതോടെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും കമ്പനികൾ എഐയുടെ പിന്തുണയോടെ ഉത്പദനം വർധിപ്പിക്കുമെന്നും അവയുടെ ലാഭം കുതിച്ചുയരുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ സംഭവിക്കുന്നത് അതല്ല. ആദ്യഘട്ടത്തിലെങ്കിലും വമ്പൻ എഐ കമ്പനികൾ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ നടക്കുന്നത് എന്ന സൂചന നൽകുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഉത്പാദനക്ഷമത കാര്യമായി വർധിച്ചില്ലെങ്കിലും എഐ ഉപയോഗിക്കുന്നതിന്റെ ചെലവ് കുതിച്ചുയരുന്നത് നിലവിൽ പല വമ്പൻ കമ്പനികൾക്കടക്കം തലവേദന സൃഷ്ടിക്കുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നത്. എഐ ടൂളുകൾ വിന്യസിക്കുന്നതിന് പകരം ജീവനക്കാർക്ക് ശമ്പളം നൽകുന്നതാണ് ലാഭകരം എന്നുപോലും കമ്പനികൾ വിലയിരുത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മൈക്രോസോഫ്റ്റ്, യൂബർ തുടങ്ങിയ കമ്പനികൾക്ക് പോലും അവരുടെ എഐ ചെലവുകൾ കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ആന്ത്രോപിക്കിന്റെ ക്ലോഡ് കോഡ് ഉപയോഗിക്കുന്നത് നിർത്തി പകരം ആഭ്യന്തര എഐ ടൂളിലേക്ക് മാറാൻ മൈക്രോസോഫ്റ്റ് അധികൃതർ എൻജിനിയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 30-ആണ് ഇതിനായി നിശ്ചയിച്ചിട്ടുള്ള സമയപരിധി. ക്ലോഡ് കോഡ് നിർബന്ധിതമാക്കി മാസങ്ങൾക്ക് ശേഷം എന്തുകൊണ്ടാണ് കമ്പനി ആന്ത്രോപിക്കിന്റെ എഐ ടൂൾ ഒഴിവാക്കുന്നത് എന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. എന്നാൽ ജീവനക്കാർ ക്ലോഡ് ടോക്കണുകളിൽ പണം പാഴാക്കുന്നതാണ് തീരുമാനത്തിന് പിന്നിൽ എന്നാണ് സൂചന. വൻതുക ചെലവഴിക്കുമ്പോഴും ഉത്പാദനക്ഷമതയിൽ അത് പ്രതിഫലിക്കുന്നില്ലെന്നും മൈക്രോസോഫ്റ്റ് വിലയിരുത്തുന്നു.
യൂബറിന്റെ കാര്യവും സമാനമാണെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു. കമ്പനി എഐ ചെലവുകൾക്കായി ഒരു നിശ്ചിത തുക നീക്കിവെച്ചിരുന്നു. ജനുവരിയിലാണ് അവരുടെ 5000 എഞ്ചിനീയർമാർക്ക് ക്ലോഡ് കോഡിലേക്ക് പ്രവേശനം നൽകിയത്. എന്നാൽ അവരുടെ വാർഷിക എഐ ബജറ്റ് വെറും അഞ്ച് മാസത്തിനുള്ളിൽ തീർന്നുപോയി എന്നാണ് കമ്പനി അധികൃതർ പറയുന്നത്. യൂബർ സിഓഓ ആൻഡ്രൂ മക്‌ഡൊണാൾഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എഐ ഉപയോഗം ഇതുവരെ ഉത്പാദനക്ഷമത വർധിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
മൈക്രോസോഫ്റ്റിന്റെയും യൂബറിന്റെയും നിലപാടുകൾ ടെക് വ്യവസായ രംഗത്ത് വലിയ ശ്രദ്ധനേടിയിട്ടുണ്ട്. ടോക്കൺ ചെലവുകൾ ഒരു ഗൗരവമേറിയ പ്രശ്‌നമായി മാറുകയാണെന്നും ഭാവിയിൽ എഐ ഉപയോഗത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മപരിശോധന ഉണ്ടാകുമെന്നും ഇൻഫോസിസ് മുൻ മേധാവിയും നിലവിൽ സ്റ്റാർട്ടപ്പ് സംരംഭകനുമായ വികാസ് സിക്ക എക്‌സ് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
എഐ ടൂളുകൾ ഇൻപുട്ടിനെയും ഔട്ട്പുട്ടിനെയും അളക്കുന്ന യൂണിറ്റുകളാണ് ടോക്കണുകൾ. ഇത് വൈദ്യുതി യൂണിറ്റ് പോലെ അളക്കാൻ കഴിയും. 2026-ൽ, ഗൂഗിൾ, ആന്ത്രോപിക്, ഓപ്പൺഎഐ എന്നിവയ്ക്കുമേൽ എഐയുമായി ബന്ധപ്പെട്ട വരുമാനം വെളിപ്പെടുത്താനുള്ള സമ്മർദ്ദം വർധിക്കുന്നതിനാൽ അവർ ക്ലയിന്റുകൾക്കായി ടോക്കൺ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയം ഏർപ്പെടുത്തുകയാണ്.
ടോക്കൺ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയം എഐയെ ജീവനക്കാരേക്കാൾ ചെലവേറിയതാക്കുന്നു എന്നാണ് ടെക് വ്യവസായ രംഗത്തുള്ള പലരും പറയുന്നത് ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ എൻവിഡിയ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ക്ലോഡ് കോഡ് ടോക്കണുകളെ ആശ്രയിക്കുന്നതിന് പകരം ജീവനക്കാരെ നിയമിക്കുന്നത് കമ്പനിക്ക് ലാഭകരമായിരിക്കാം എന്നാണ് എൻവിഡിയയുടെ അപ്ലൈഡ് ഡീപ് ലേണിംഗ് വൈസ് പ്രസിഡന്റ് ബ്രയാൻ കാറ്റൻസാരോ അടുത്തിടെ പറഞ്ഞത്.
കടപ്പാട് - IndiaToday
Content Highlights: AI token-based pricing is causing unexpected budget blowouts for major firms like Microsoft and Uber., Productivity gains are not currently matching the sharp rise in AI operational expenses., The industry is shifting from an experimentation phase to a focus on measurable business outcomes and accountability., Volume-heavy agentic AI workflows are driving higher costs despite falling unit prices for tokens., Expert consensus suggests a move toward managed, strategic AI adoption rather than unchecked usage.