സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണ്ട, എഐ ഫീച്ചറുകളുമായി ഫോട്ടോഷോപ്പ് ഇനി വെബ്ബിലും

Photo: Adobe
Photo: Adobe

അഡോബിയുടെ ഇമേജ് എഡിറ്റിക് സോഫ്റ്റ് വെയറായ 'ഫോട്ടോഷോപ്പ്' ഇനി വെബ്ബിലും ലഭിക്കും. ഫോട്ടോഷോപ്പിന്റെ നിലവില്‍ ലഭ്യമായ എല്ലാ പ്ലാനുകളും ഏഴ് ദിവസത്തെ സൗജന്യ ട്രയല്‍ ഓഫറോടുകൂടി ആസ്വദിക്കാനാവും. ഫോട്ടോഷോപ്പ് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വെബ് ബ്രൗസര്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനാവും. 

ഏത് ഫോട്ടോഷോപ്പ് ഡോക്യുമെന്റും വെബ് വേര്‍ഷനില്‍ തുറന്ന് എഡിറ്റ് ചെയ്യാനും ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് മറ്റുള്ളവരെ ഇന്‍വൈറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ടാവും. അവര്‍ക്ക് നിങ്ങളുടെ ഫയല്‍ കാണാനും കമന്റ് ചെയ്യാനും സാധിക്കും.

അതേസമയം ക്രോം, എഡ്ജ്, ഫയര്‍ഫോക്‌സ് തുടങ്ങിയ ചില ബ്രൗസറുകളിലാണ് ഫോട്ടോഷോപ്പ് വെബ് ലഭിക്കുക.

ഫോട്ടോഷോപ്പ് വെബ്ബില്‍ ഫയര്‍ഫ്‌ളൈ എന്ന എഐ മോഡലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഡെസ്‌ക്ടോപ്പ് വേര്‍ഷനില്‍ അവതരിപ്പിച്ച ജനറേറ്റീവ് ഫില്‍, ജനറേറ്റീവ് എക്‌സ്പാന്‍ഡ് ഫീച്ചറുകളും വെബ് വേര്‍ഷനില്‍ അവതരിപ്പിച്ചു. തിരിച്ചറിയാനാവാത്ത വിധം ചിത്രങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധിക്കും. ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള ഫീച്ചറുകളാണിവ. ആവശ്യമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. 

എന്നാല്‍ ഡെസ്‌ക് ടോപ്പ് വേര്‍ഷനിലെ മുഴുവന്‍ ഫീച്ചറുകളും വെബ് വേര്‍ഷനില്‍ ലഭിക്കില്ല. എന്നാല്‍ പാച്ച് ടൂള്‍, പെന്‍ ടൂള്‍, സ്മാര്‍ട് ഒബ്ജക്ട് സപ്പോര്‍ട്ട്, പോളിഗണല്‍ ലാസ്സോ തുടങ്ങിയ ടൂളുകള്‍ വെബ് വേര്‍ഷനിലുണ്ട്. ഫോട്ടോഷോപ്പ് വെബ് ഉപയോഗിക്കാന്‍ https://photoshop.adobe.com/discover എന്ന യുആര്‍എല്‍ ഉപയോഗിക്കാം. 


 

Content Highlights: adobe photoshop web version released