വാട്സാപ്പിൽ ഇനി പിഡിഎഫ് എഡിറ്റ് ചെയ്യാം; പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് അഡോബി

#ടെക്നോളജി ഡെസ്ക്
Photo: Adobe
Photo: Adobe

വാട്സാപ്പിലൂടെ പങ്കുവെക്കപ്പെടുന്ന പിഡിഎഫ് ഫയലുകൾ ഇനി വാട്സാപ്പിൽനിന്ന് പുറത്തുപോകാതെതന്നെ എളുപ്പത്തിൽ എഡിറ്റ് ചെയ്യാം. വാട്സാപ്പ് വെബ്ബിലും വിൻഡോസിലും പിഡിഎഫ് ഫയലുകൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി മുൻനിര സോഫ്റ്റ്‌വേർ കമ്പനിയായ അഡോബിയാണ് (Adobe) പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്.

ഈ പുതിയ സംവിധാനം വഴി ഉപഭോക്താക്കൾക്ക് പിഡിഎഫ് ഫയലുകൾ കാണാനും ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാനും അണ്ടർലൈൻ ചെയ്യാനും സ്ട്രൈക്ക് ത്രൂ ചെയ്യാനും മറ്റ് ചെറിയ മാറ്റങ്ങൾ വരുത്താനും വാട്സാപ്പിൽ തന്നെ സാധിക്കും.

മുമ്പ് ഒരു പിഡിഎഫ് ലഭിക്കുമ്പോൾ അത് വായിക്കുന്നതിനായി ആ ഫയൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യണമായിരുന്നു. എന്നാൽ, ഇനി മുതൽ ഫയലുകൾ വാട്സാപ്പിൽതന്നെ സൂം ചെയ്യാനും സ്ക്രോൾ ചെയ്യാനും കഴിയും. വെറുതെ വായിക്കാൻ മാത്രമല്ല, അക്രോബാറ്റ് ടൂളുകൾ ഉപയോഗിച്ച് ചാറ്റിൽ തന്നെ ഡോക്യുമെന്റുകളിൽ വരയ്ക്കാനും ഫീഡ്ബാക്കുകൾ നൽകാനും ഈ ഫീച്ചർ സഹായിക്കുന്നു.

ഈ പുതിയ സംവിധാനത്തിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. 'അക്രോബാറ്റ് ട്രസ്റ്റിന്റെ' പിന്തുണയുള്ളതിനാൽ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഫയലുകൾ ഉദ്ദേശിച്ച വ്യക്തികൾക്ക് മാത്രമേ തുറക്കാൻ സാധിക്കൂ. വാട്സാപ്പിലെ മറ്റ് സന്ദേശങ്ങളെപ്പോലെ തന്നെ ഡോക്യുമെന്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്ന് അഡോബി വ്യക്തമാക്കുന്നു.

ചെറുകിട ബിസിനസ്സുകാർക്ക് ഇൻവോയ്‌സുകളും കരാറുകളും പരിശോധിക്കാനും, വിദ്യാർഥികൾക്ക് അവരുടെ അസൈൻമെന്റുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധാരണക്കാർക്ക് രസീതുകളും യാത്രാ രേഖകളും പരിശോധിക്കാനും ഇത് ഏറെ സഹായകമാകും.

ക്രോം, മൈക്രോസോഫ്റ്റ് 360, കോപൈലറ്റ്, ചാറ്റ്ജിപിടി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അഡോബിയുടെ പിഡിഎഫ് സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വാട്സാപ്പിലെ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഓരോ വർഷവും 400 ബില്യണിലധികം ഡോക്യുമെന്റുകൾ അക്രോബാറ്റിലൂടെ പങ്കുവെക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പുതിയ അപ്ഡേറ്റ് വഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ഔദ്യോഗിക കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ചെയ്യാൻ സാധിക്കും.

Content Highlights: Adobe has introduced a new feature enabling users to view, edit, highlight, and annotate PDF files directly within WhatsApp Web and Windows without leaving the app.