ബിഎസ്എന്‍എല്‍ 4ജി രാജ്യം മുഴുവന്‍, സെപ്റ്റംബർ 26 ന് പ്രഖ്യാപനമുണ്ടായേക്കുമെന്ന് വിവരം

ബിഎസ്എന്‍എല്‍ രാജ്യവ്യാപക 4ജി സേവനങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമിട്ടേക്കും. കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലാവും പാന്‍ ഇന്ത്യ 4ജി സേവനം പ്രഖ്യാപിക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സീ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി നെറ്റ്വര്‍ക്ക് വിന്യസിക്കുന്നതിനുള്ള ദൗത്യത്തിലായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ഇതിനായി ബിഎസ്എന്‍എല്‍ ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ബിഎസ്എന്‍എല്‍ 4ജിയുടെ സോഫ്റ്റ് ലോഞ്ച് ആരംഭിച്ചിരുന്നു. രാജ്യത്തുടനീളമുള്ള 4ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കെല്ലാം 4ജി കണക്ടിവിറ്റി ലഭ്യമാവും.
25000 കോടിയോളം നിക്ഷേപം നടത്തിയ കഴിഞ്ഞ വര്‍ഷം മുതല്‍ ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 47000 കോടി രൂപകൂടി നിക്ഷേപിക്കാനുള്ള പദ്ധതിയും കമ്പനിയ്ക്കുണ്ട്.
4ജി നെറ്റ്വര്‍ക്ക് കൂടുതല്‍ വികസിതമായതിന് പിന്നാലെ 5ജി സേവനങ്ങള്‍ ആരംഭിക്കാനും ബിഎസ്എന്‍എല്ലിനാവും. 4ജി വിന്യാസത്തിനായി ഉപയോഗിച്ച സാങ്കേതിക സംവിധാനങ്ങള്‍ തന്നെ 5ജിയ്ക്ക് വേണ്ടി ഉപയോഗിക്കാനാവും.