ഐഫോൺ, പിക്സൽ, ഗാലക്സി; ഫെബ്രുവരിയിൽ കളത്തിലിറങ്ങുന്നത് മൂന്ന് വമ്പന്മാർ

ആഗോള സ്മാർട്ഫോൺ വിപണിയിലെ വമ്പന്മാരായി വാഴ്ത്തപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ബ്രാൻഡുകളാണ് ആപ്പിൾ , സാംസങ് , ഗൂഗിൾ എന്നിവ. ഇത്തവണ 2026 ഫെബ്രുവരിയിൽ ഈ മൂന്ന് വമ്പന്മാരും അവരുടെ പുതിയ സ്മാർട്ഫോണുകളുമായി ഒന്നിച്ച് വിപണിയിലിറങ്ങുകയാണ്. മൂന്ന് ബ്രാൻഡുകളും പുത്തൻ മോഡലുകൾ രംഗത്തിറക്കാൻ ഫെബ്രുവരി തിരഞ്ഞെടുത്തിരിക്കുന്നു എന്നതിൽ കൗതുകമുണ്ട്.
ഫെബ്രുവരി 18-നാണ് ഗൂഗിൾ പിക്സൽ 10എ സ്മാർട്ഫോൺ പുറത്തിറക്കുന്നത്. പിക്സൽ ശ്രേണിയിലെ ബജറ്റ് മോഡലാണിത്. അടുത്തിടെ ഫോണിന്റെ ഒരു ടീസർ വീഡിയോ കമ്പനി പങ്കുവെച്ചിരുന്നു. ഫോണിന്റെ സവിശേഷതകൾ എന്തെല്ലാമെന്ന് ഗൂഗിൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും 128 ജിബി സ്റ്റോറേജും എട്ട് ജിബി റാമും 5199 എം.എ.എച്ച്. ബാറ്ററിയും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ബേസ് മോഡലിന് 52,000 രൂപയും 256 ജിബി വേരിയന്റ് ഏകദേശം 63,000 രൂപയുമായിരിക്കും വില.
അതേസമയം ഫെബ്രുവരി മാസത്തിൽ ആപ്പിൾ ഒരു ഐഫോൺ അവതരിപ്പിക്കുന്നത് പതിവില്ലാത്ത കാഴ്ചയാണ്. ഫെബ്രുവരി 19-ന് ഗൂഗിൾ പിക്സൽ 10എ പുറത്തിറക്കിയ തൊട്ടടുത്ത ദിവസം ഐഫോൺ 17ഇ പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ഐഫോൺ ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് ഐഫോൺ 17ഇ.
ഔദ്യോഗികമായി ആപ്പിൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡൈനാമിക് ഐലൻഡ്, മാഗ്‌സേഫ് ചാർജിങ് പോലുള്ള സൗകര്യങ്ങൾ ഈ മോഡലിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. എ19 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന മോഡലിൽ ഏറ്റവും പുതിയ മോഡം ആയിരിക്കും ഉണ്ടാവുകയെന്നും സൂചനയുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ വീണ്ടും ഗാലക്സി എസ് സീരീസ് ഫോണുകൾ അവതരിപ്പിക്കാൻ ഫെബ്രുവരി മാസം തിരഞ്ഞെടുത്തിരിക്കുകയാണ് സാംസങ്. ഫെബ്രുവരി 25-ന് നടക്കുന്ന പരിപാടിയിൽ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗാലക്സി എസ്26, എസ് 26+, എസ്26 അൾട്ര എന്നീ മോഡലുകൾ ഫെബ്രുവരി 25-ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണുകളുടെ ബാഹ്യ രൂപകല്പനയിൽ മുൻവർഷത്തേതിൽനിന്ന് കാര്യമായ മാറ്റമുണ്ടാകില്ലെന്നും എന്നാൽ എ.ഐ. അധിഷ്ഠിത ഫീച്ചറുകളിൽ എതിരാളികളെ വളരെ പിന്നിലാക്കും വിധമായിരിക്കും എസ് 26 എത്തുകയെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു.
ബാഴ്സലോണയിൽ മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കുന്നതിന് മുന്നോടിയായാണ് ഈ മൂന്ന് മുൻനിര കമ്പനികളും തങ്ങളുടെ പുതിയ ഫോണുകൾ രംഗത്തിറക്കുന്നത്.
Content Highlights: Smartphone War 2026: Why Apple, Samsung, and Google are Launching New Phones This February