വീട്ടുവിശേഷങ്ങൾ പറയാൻ എഐ ചങ്ങാതി; ജോണി ഐവിന്റെ ഡിസൈനിൽ ഓപ്പൺ എഐയുടെ സ്പീക്കർ

#ടെക്നോളജി ഡെസ്ക്
Photo: AI Generated
Photo: AI Generated

ഓപ്പൺഎഐ (OpenAI) ആദ്യ ഹാർഡ്‌വെയർ ഉപകരണമായ എഐ സ്മാർട്ട് സ്പീക്കർ പുറത്തിറക്കുന്നു. ആപ്പിളിലെ മുൻ ഡിസൈനറായ ജോണി ഐവിനൊപ്പമാണ് ഓപ്പൺഎഐ പുതിയ ഉപകരണം വികസിപ്പിക്കുന്നത്. ഈ ഉപകരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഡിസ്പ്ലേ ഇല്ലാത്ത, വീടിനുള്ളിൽ എളുപ്പത്തിൽ എടുത്തുകൊണ്ട് നടക്കാവുന്ന ഒരു സ്മാർട്ട് സ്പീക്കർ ആയിരിക്കും ഇത്. എപ്പോഴും പ്ലഗ് ഇൻ ചെയ്ത് ഉപയോഗിക്കുന്നതിന് പകരം, റീചാർജ് ചെയ്യാവുന്ന ബാറ്ററിയോടെയാകും ഇത് വരുന്നത്. ഇതിൽ സ്ക്രീൻ ഉണ്ടാകില്ലെങ്കിലും ചുറ്റുപാടുകൾ മനസ്സിലാക്കാൻ ക്യാമറയും മറ്റ് സെൻസറുകളും ഉണ്ടായിരിക്കും. സ്പീക്കറിന് ചിലപ്പോൾ സ്വയം ചലിക്കാൻ സാധിക്കും വിധമുള്ള മെക്കാനിക്കൽ ഭാഗങ്ങളും ഉൾപ്പെടുത്തിയേക്കാം.

വീടുകളിൽ മനുഷ്യരെപ്പോലെ ഇടപെടുന്ന ഒരു "എഐ കൂട്ടുകാരൻ" ആയിട്ടാണ് ഈ ഉപകരണത്തെ കമ്പനി അവതരിപ്പിക്കുക. മനുഷ്യരെപ്പോലെ സ്വാഭാവികമായി സംസാരിക്കാൻ സഹായിക്കുന്ന നൂതന വോയ്‌സ് മോഡലായ 'ചാറ്റ്ജിപിടി-ലൈവ്' ഇതിൽ ഉപയോഗിച്ചേക്കും. നിലവിലുള്ള ചാറ്റ്ജിപിടി അക്കൗണ്ടുമായി ബന്ധിപ്പിച്ച്, ഇ-മെയിലുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ മനസ്സിലാക്കി കൃത്യമായ മറുപടികൾ നൽകാൻ ഇതിന് സാധിക്കും. ഉപയോക്താവിന്റെ ആവശ്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു വിദഗ്ധനായി മാറാൻ ഈ സ്പീക്കറിന് കഴിയും. കൂടാതെ മറ്റ് സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

ജോണി ഐവിന്റെ സ്റ്റാർട്ടപ്പായ ഐഓ പ്രൊഡക്ട്സ് കഴിഞ്ഞ വർഷം 6.5 ശതകോടി ഡോളറിന് സ്വന്തമാക്കിയാണ് ഓപ്പൺഎഐ തങ്ങളുടെ ഹാർഡ്‌വെയർ നിർമാണ പദ്ധതി ആരംഭിച്ചത്. ജോണി ഐവിന്റെ സ്റ്റുഡിയോ ആയ ലവ്ഫ്രോമും (LoveFrom) മുൻ ആപ്പിൾ ഡിസൈനർമാരായ ഇവാൻസ് ഹാൻകി, പോൾ മീഡ് എന്നിവരും ഈ സ്പീക്കർ വികസിപ്പിക്കുന്നതിൽ പങ്കാളികളാണ്.

ആപ്പിളുമായുള്ള നിയമപ്രശ്നം

ഈ പുതിയ കാൽവെപ്പിലൂടെ ആപ്പിൾ, ആമസോൺ, ഗൂഗിൾ തുടങ്ങിയ വമ്പൻ കമ്പനികളോട് നേരിട്ട് മത്സരിക്കാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്. എന്നാൽ, ആപ്പിളിന്റെ ഐഫോൺ ഡിസൈൻ വിഭാഗം മുൻ മേധാവി ടാങ് ടാൻ ഉൾപ്പെടെയുള്ള ജീവനക്കാരെ ഉപയോഗിച്ച് ആപ്പിളിന്റെ വ്യാപാര രഹസ്യങ്ങൾ ചോർത്തി എന്നാരോപിച്ച് ഓപ്പൺഎഐക്ക് എതിരെ ആപ്പിൾ കേസ് നൽകിയിട്ടുണ്ട്. എന്നാൽ, മറ്റ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങളിൽ തങ്ങൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞ് ഓപ്പൺഎഐ ഈ ആരോപണങ്ങൾ നിഷേധിച്ചു.

എന്ന് വിപണിയിലെത്തും?

നിലവിൽ വിവിധ ഉൽപ്പന്നങ്ങൾക്കായി പണിപ്പുരയിലാണ്‌ ഓപ്പൺഎഐയുടെ ഹാർഡ്‌വെയർ വിഭാഗം. സ്മാർട്ട് സ്പീക്കർ ഈ വർഷം തന്നെ അവതരിപ്പിക്കുമെന്നും 2027-ൽ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നുമാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും ഇപ്പോഴുള്ള നിയമപ്രശ്നങ്ങൾ നിർമാണത്തെയും റിലീസിനെയും ബാധിച്ചേക്കാം.

Content Highlights: OpenAI is collaborating with former Apple designer Jony Ive to launch a screenless, battery-powered AI smart speaker integrated with 'ChatGPT-Live' by 2027, despite facing a lawsuit from Apple over alleged trade secrets.