എഐ നിയന്ത്രിത ടോർപ്പിഡോകൾ പരീക്ഷിച്ച് ഉത്തര കൊറിയ; യുഎസിനും ദക്ഷിണ കൊറിയയ്ക്കും ഭീഷണി?

ദക്ഷിണ കൊറിയയ്ക്കും യുഎസിനും വെല്ലുവിളിയായി എഐ അധിഷ്ഠിത ടോർപ്പിഡോ പരീക്ഷിച്ച് ഉത്തര കൊറിയ. സാം-2.0 (Zam-2.0) എന്ന് പേരിട്ടിരിക്കുന്ന വേഗതയേറിയതും കൃത്യതയാർന്നതുമായ ടോർപ്പിഡോ വെള്ളത്തിനടിയിൽ പരീക്ഷിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ. റിപ്പോർട്ട് ചെയ്തു. പരീക്ഷണം വിജയമായിരുന്നുവെന്ന് ഏജൻസി പറഞ്ഞു. രാജ്യത്തിന്റെ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിലെ പുരോഗതിയാണിതെന്നും രാജ്യത്തിന്റെ നാവിക വികസനത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ പരസ്യമായി ഒരു അന്തർവാഹിനി മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്. ബുധനാഴ്ച വെള്ളത്തിനടിയിൽനിന്ന് വിക്ഷേപിക്കുന്ന രണ്ട് തരം ക്രൂയിസ് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നതായും ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ള നൂതന ആയുധ സംവിധാനങ്ങൾ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും വികസിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ പരീക്ഷണങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.
എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം
ടോർപിഡോയുടെ ലക്ഷ്യം നിർണയിക്കുന്നതിലും ഗതിനിർണയത്തിനുമാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതെന്ന് കെ.സി.എൻ.എ. വ്യക്തമാക്കി. ആയുധത്തെക്കുറിച്ചുള്ള മറ്റ് സാങ്കേതിക വിവരങ്ങളോ എ.ഐ. എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ചോ ഏജൻസി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, നവീകരിച്ച പ്രൊപ്പൽഷൻ സാങ്കേതിക വിദ്യ ഈ പരീക്ഷണത്തിലൂടെ കഴിവ് തെളിയിച്ചതായി ഏജൻസി പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 180-ലധികം അനുബന്ധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: North Korea has successfully tested its new AI-powered underwater torpedo, Zam-2.0, designed to enhance its naval propulsion technology and pose a fresh strategic challenge to South Korea and the United States.