കൊറിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കി സാത്വിക്‌സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം

Photo: twitter.com
Photo: twitter.com

സിയോള്‍ (ദക്ഷിണ കൊറിയ): ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ സാത്വിക്‌സായ്രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം. ഇന്‍ഡൊനീഷ്യയുടെ ലോക ഒന്നാം നമ്പറായ ഫജാര്‍ ആല്‍ഫിയാന്‍ - മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെയാണ് ഫൈനലില്‍ ഇന്ത്യന്‍ സംഘം തകര്‍ത്തത്. ഇരുവരുടെയും ആദ്യ കൊറിയന്‍ ഓപ്പണ്‍ കിരീടമാണിത്.

17-21 ന് ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു സാത്വിക്-ചിരാഗ് സഖ്യത്തിന്റെ വമ്പന്‍ തിരിച്ചുവരവ്. രണ്ടാം ഗെയിമും (21-13), മൂന്നാം ഗെയിമും (21-14) ആധികാരികമായി സ്വന്തമാക്കിയ ഇന്ത്യന്‍ സംഘം കിരീടമണിയുകയായിരുന്നു.

സാത്വിക്-ചിരാഗ് സഖ്യത്തിന്റെ മൂന്നാം സൂപ്പര്‍ 500 കിരീട നേട്ടമാണിത്. നേരത്തേ 2019 തായ്‌ലന്‍ഡ് ഓപ്പണും 2023-ലെ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടവും ഈ സഖ്യം സ്വന്തമാക്കിയിരുന്നു.

Content Highlights: Satwik-Chirag beat Indonesian top-seeded pair in Korea Open 2023 final