ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സിന്ധുവും ശ്രീകാന്തും

മാലി: ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
വനിതാവിഭാഗം പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ ക്ലാര അസുര്‍മെന്‍ഡിയെ തകര്‍ത്താണ് രണ്ട് തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ സിന്ധു അവസാന എട്ടിലേക്ക് മുന്നേറിയത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് ലോക ആറാം നമ്പര്‍ താരമായ ജൊനാതന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തി.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു വിജയിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും വര്‍ധിത വീര്യത്തോടെ തിരിച്ചുവന്ന സിന്ധു രണ്ട് സെറ്റുകള്‍ നേടിക്കൊണ്ട് മത്സരം സ്വന്തമാക്കി. സ്‌കോര്‍: 17-21, 21-7, 21-12. മത്സരം 47 മിനിട്ട് നീണ്ടുനിന്നു. ക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ നെസ്ലിഹന്‍ യിജിറ്റാണ് സിന്ധുവിന്റെ എതിരാളി.
ശ്രീകാന്തും മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം നേടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് തിരിച്ചടിച്ച ശ്രീകാന്ത് മത്സരം സ്വന്തമാക്കി. സ്‌കോര്‍: 13-21, 21-18, 21-15. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എച്ച്.എസ്.പ്രണോയിയോ ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്‌സെല്‍സെന്നോ ആയിരിക്കും ശ്രീകാന്തിന്റെ എതിരാളി.
Content Highlights: PV Sindhu and Kidambi Srikanth reaches quarter-finals in Indonesia Masters
Content Highlights: