പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി സ്പൈക്കേഴ്സ് പുറത്ത്

ഹൈദരാബാദ്: കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.
ചൊവ്വാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-14, 15-14, 11-15, 14-15, 15-10 എന്ന സ്‌കോറിനാണ് ഗുജറാത്ത് ടീമിന്റെ ജയം. ഡിഫന്‍ഡേഴ്സിന്റെ ഷോണ്‍ ടി ജോണ്‍ കളിയിലെ താരമായി. തോല്‍വിയോടെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സെമിഫൈനല്‍ കാണാതെ പുറത്തായി. ബുധനാഴ്ച ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കൊച്ചി, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിടും.
ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഡിഫന്‍ഡേഴ്സ് പത്തുപോയിന്റ് നേടി ലീഗില്‍ ഒന്നാമതായി. കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് എന്നീ ടീമുകളും സെമിഫൈനലിന് യോഗ്യത നേടി.
Content Highlights: prime volley league 2022, kochi blue spikers, ahmedabad defenders