'കരിങ്കാളിയല്ലേ...'; വൈറല്‍ വീഡിയോ അനുകരിച്ച് നീരജ് ചോപ്രയും അഞ്ജു ബോബി ജോര്‍ജും

Screengrab | www.facebook.com/kuttu.bgeorge
Screengrab | www.facebook.com/kuttu.bgeorge

ഭുവനേശ്വര്‍: ഫഹദ് ഫാസില്‍ ചിത്രം 'ആവേശ'ത്തിനു പിന്നാലെ വൈറലായ റീല്‍ അനുകരിച്ച് മുന്‍ ഇന്ത്യന്‍ ലോങ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയ്‌ക്കൊപ്പം ചേര്‍ന്നാണ് ഫഹദിനെ അനുകരിച്ചത്. നീരജ് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ഫൈനലില്‍ മത്സരിക്കാന്‍ ഭുവനേശ്വറിലെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. 

'കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്/ കൊടുവാളെടുത്ത് ചുടു ദാരിക ചോരയില്‍ നീരാട്' എന്ന ഫഹദിന്റെ രണ്ട് മുഖങ്ങള്‍ കാണിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന പാട്ടിനാണ് ചുവടുവെച്ചത്. നീരജിനെ മുന്നില്‍നിര്‍ത്തി ഒരു വശത്തേക്ക് ചെരിയുമ്പോള്‍ സന്തോഷത്തിന്റെ മുഖവും മറുവശത്തേക്ക് ചെരിയുമ്പോള്‍ ഗൗരവമാര്‍ന്ന മുഖവുമായാണ് അഞ്ജു പ്രത്യക്ഷപ്പെടുന്നത്. അഞ്ജുവിനൊപ്പം നീരജിന്റെ മുഖഭാവവും മാറുന്നുണ്ട്. 

ഭുവനേശ്വറില്‍ രാത്രി ഏഴുമണിക്കാണ് ജാവലിന്‍ മത്സരം ഫൈനല്‍ ആരംഭിക്കുക. നീരജും കിഷോര്‍കുമാര്‍ ജനെയും ഫെഡറേഷന്‍സ് കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ജാവലിന്‍ത്രോ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം നേടിയശേഷമാണ് നീരജ് ഇന്ത്യയിലേക്ക് തിരിച്ചത്. അവിടെ 88.36 മീറ്റര്‍ എറിഞ്ഞു. 90 മീറ്റര്‍ മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നീരജ് വ്യക്തമാക്കി.

Content Highlights: neeraj chopra and anju bobby george in bhubaneswar