ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; റണ്ണറപ്പായി കേരളവനിതകള്‍, കിരീടം നിലനിര്‍ത്തി റെയില്‍വേസ്

73-ാമത് ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരള വനിതാ ടീം
73-ാമത് ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരള വനിതാ ടീം

ലുധിയാന: 73-ാമത് ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായി കേരള വനിതാ ടീം. ഞായറാഴ്ച ലുധിയാനയിലെ ഗുരു നാനാക് ദേവ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ റെയില്‍വേസിനോട് 80-50 എന്ന സ്‌കോറിന് കേരളം തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ 21-12 എന്ന സ്‌കോറിന് മുന്നിട്ടുനിന്ന ശേഷമാണ് കേരള വനിതകള്‍ തോല്‍വി വഴങ്ങിയത്.

രണ്ടാം ക്വാര്‍ട്ടറില്‍ പൂനം ചതുര്‍വേദി, പുഷ്പ സെന്തില്‍ കുമാര്‍ എന്നിവരിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ റെയില്‍വേസ്, ആദ്യ പകുതിയില്‍ 40-35 എന്ന സ്‌കോറിന് മുന്നിലെത്തി. 23 പോയന്റ് നേടിയ പൂനമായിരുന്നു റെയില്‍വേസിന്റെ ടോപ് സ്‌കോറര്‍. പുഷ്പ 15 പോയന്റ് നേടി. കേരളത്തിനായി അനീഷ ക്ലീറ്റസ് 18 പോയന്റ് സ്വന്തമാക്കി.

അതേസമയം പുരുഷ വിഭാഗത്തില്‍ റെയില്‍വേസിനെ 72-67 എന്ന സ്‌കോറിന് കീഴടക്കി തമിഴ്‌നാട് കിരീടംചൂടി. ചാമ്പ്യന്‍മാരായ പുരുഷ-വനിതാ ടീമുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. റണ്ണറപ്പുകള്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷവും വീതം ലഭിക്കും.

Content Highlights: National Basketball Championship Kerala Women as runners-up Railways retain the title