‘ഇതാണ് നേതൃത്വം’; ഒളിമ്പിക് മെഡൽ നേട്ടത്തിന് പിന്നിൽ പ്രധാനമന്ത്രിയുടെ പിന്തുണയും ഇടപെടലുമെന്ന് മീരാബായ് ചാനു

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിലെ മെഡൽ നേട്ടത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയും ഇടപെടലുമുണ്ടായിരുന്നതായി ഭാരോദ്വഹന താരം മീരാബായ് ചാനു. കോവിഡ് സമയത്ത് യാത്രാവിലക്കുണ്ടായിട്ടും
പരിശീലനത്തിനും പരിക്കിനുള്ള ചികിത്സിക്കാനുമായി അമേരിക്കയിലേക്ക് പോകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി മീരാബായ് ചാനു പറഞ്ഞു. ടോക്യോവിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ ചാനു വെള്ളി മെഡലാണ് സ്വന്തമാക്കിയത്.
“ടോക്കിയോ ഒളിമ്പിക്സിന് മുൻപ്, ലോക്ക്ഡൗൺ സമയത്ത് ഞങ്ങൾക്ക് പരിശീലനം നടത്താൻ ബുദ്ധിമുട്ടായിരുന്നു. ഒളിമ്പിക്സ് അടുത്തുവരികയായിരുന്നു. അതുകൊണ്ട്, പരിശീലനത്തിനായി എന്നെ യു.എസിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർഥിച്ചു. ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഒരു മെഡൽ നേടണമെന്നും അതിന് ശരിയായ പരിശീലനം ആവശ്യമാണെന്നും ഞാൻ അവരോട് പറഞ്ഞു.” - ചാനു വെളിപ്പെടുത്തി.
ഞങ്ങളുടെ ഫെഡറേഷനിലൂടെയും ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം വഴിയുമാണ് ഞങ്ങൾ ഈ അഭ്യർഥന നടത്തിയത്. ഒരു ദിവസത്തിനുള്ളിൽ തന്നെ പ്രധാനമന്ത്രി അഭ്യർഥന അംഗീകരിക്കുകയും ഒളിമ്പിക്സ് പരിശീലനത്തിനായി യു.എസിലേക്ക് അയക്കുകയും ചെയ്തു. ഒരു കായികതാരം നേതൃത്വത്തിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതൊക്കെയാണെന്നും അവർ കൂട്ടിച്ചേർത്തു.
"അതിനുശേഷം ഞാൻ കഠിനമായി പരിശീലിച്ചു. ഒളിമ്പിക്സിൻ്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് വേണ്ടി ഒരു മെഡൽ നേടി. ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി എന്തെങ്കിലും നേടാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. ഞാൻ മെഡൽ നേടിയപ്പോൾ പ്രധാനമന്ത്രി എന്നെ അഭിനന്ദിച്ചു. ഓരോ കായികതാരവും ഒരു ഒളിമ്പിക് മെഡൽ നേടുന്നതും അത്തരം പിന്തുണ ലഭിക്കുന്നതും സ്വപ്നം കാണുന്നു. പ്രധാനമന്ത്രിയുടെ അഭിനന്ദനം വളരെ പ്രത്യേകത നിറഞ്ഞ ഒന്നായിരുന്നു.” - അവർ കൂട്ടിച്ചേർത്തു.
"പ്രധാനമന്ത്രി നമ്മുടെ എല്ലാ കായികതാരങ്ങളെയും എപ്പോഴും പിന്തുണയ്ക്കുന്നു. ഒളിമ്പിക്സിന് മുൻപും ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ ബലഹീനതകൾ എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം ഉപദേശിച്ചു തരുമായിരുന്നു. പ്രധാനമന്ത്രി എപ്പോഴും ഞങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്."- ചാനു പറഞ്ഞു.
Content Highlights: Mirabai Chanu Reveals PM Narendra Modi's Special Gesture Ahead Of Olympics