ലോക ബാഡ്മിന്റണ്‍ റാങ്കിങ്: ആദ്യപത്തിലിടം നേടി ലക്ഷ്യ സെന്‍

Photo: AFP
Photo: AFP

ന്യൂഡല്‍ഹി: പുരുഷ ബാഡ്മിന്റണ്‍ ലോകറാങ്കിങ്ങില്‍ ആദ്യ പത്തിലിടം നേടി ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്‍. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി സെന്‍ ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തെത്തി. 

ഉത്തരാഖണ്ഡ് സ്വദേശിയായ സെന്നിന് 74786 പോയന്റാണുള്ളത്. മുന്‍ ലോക ജൂനിയര്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ ലക്ഷ്യ സെന്നിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ഈയിടെ അവസാനിച്ച ടൂര്‍ണമെന്റുകളിലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് താരത്തിന് തുണയായത്. വെറും 20 വയസ്സ് മാത്രമാണ് സെന്നിന്റെ പ്രായം

ഈയിടെ അവസാനിച്ച ജര്‍മന്‍ ഓപ്പണില്‍ കിരീടം നേടിയ ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടാനും താരത്തിന് സാധിച്ചു.

എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് റാങ്കിങ്ങില്‍ പിന്നിലായി. ആദ്യപത്തിലുണ്ടായിരുന്ന മുന്‍ലോക ഒന്നാം നമ്പര്‍ കൂടിയായിരുന്ന ശ്രീകാന്ത് നിലവില്‍ 12-ാം സ്ഥാനത്താണ്. 

വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി.സിന്ധു ഏഴാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു താരമായ സൈന നേവാള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 23-ാം റാങ്കിലെത്തി.

Content Highlights: Lakshya Sen breaks into top 10 in world badminton ranking