ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധുവും ആയുഷും പുറത്ത്, ചിരാഗ്-സാത്വിക് സഖ്യം ക്വാർട്ടറിൽ

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷ സിംഗിൾസിൽ ആയുഷ് ഷെട്ടിയും വനിതാ സിംഗിൾസിൽ പി.വി സിന്ധുവും പ്രീ ക്വാർട്ടറിൽ പുറത്തായി. അതേസമയം പുരുഷ, വനിതാ ഡബിൾസുകളിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
ഇന്തൊനേഷ്യയുടെ ആൽവി ഫർഹാനോടായിരുന്നു ആയുഷിന്റെ തോൽവി. ആദ്യ ഗെയിമിൽ മികച്ച പോരാട്ടം നൽകിയ ആയുഷ് രണ്ടാം ഗെയിമിൽ മിറം മങ്ങിപ്പോയി. സ്കോർ 21-19, 21-11. വനിതാ സിംഗിൾസിൽ ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള ചൈനീസ് താരത്തെ വിറപ്പിച്ച ശേഷമാണ് സിന്ധു കീഴടങ്ങിയത്. വാങ് സിയിക്കെതിരെ ആദ്യ ഗെയിം എളുപ്പം വിട്ടുകൊടുത്ത സിന്ധു രണ്ടാം ഗെയിമിലൂടെ തിരിച്ചുവന്നു. മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടു. സ്കോർ: 21-11, 15-21, 21-17.
പുരുഷ ഡബിൾസിൽ മലേഷ്യൻ ജോഡിയായ യാപ് റോയ് കിങ്-ജുനൈദി ആരിഫ് സഖ്യത്തെയാണ് ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് റെഡ്ഡി ജോഡി പരാജയപ്പെടുത്തിയത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. സ്കോർ: 21-23, 21-19, 21-17. നേരത്തെ വനിതാ ഡബിൾസിൽ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം ക്വാർട്ടറിലെത്തിയിരുന്നു.
Content Highlights: PV Sindhu knocked out in the pre-quarterfinals of the women's singles by Wang Zhiyi., Ayush Shetty eliminated from men's singles by Indonesia's Alwi Farhan., Chirag Shetty and Satwiksairaj Rankireddy advance to the men's doubles quarterfinals., Treesa Jolly and Gayatri Gopichand also reached the women's doubles quarterfinals.