വാതുവെയ്പ്പുകാര്‍ സമീപിച്ചത് അറിയിക്കാന്‍ വൈകി; താന്‍ വിലക്കിന്റെ വക്കിലെന്ന് ബ്രണ്ടന്‍ ടെയ്‌ലര്‍

Photo: AFP
Photo: AFP

ഹരാരെ: തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കാന്‍ ഐസിസി ഒരുങ്ങുന്നതായി അറിയിച്ച് സിംബാബ്‌വെ താരം ബ്രണ്ടന്‍ ടെയ്‌ലര്‍. വാതുവെയ്പ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാന്‍ വൈകിയതാണ് താരത്തിന് തിരിച്ചടിയായത്.

2019 ഒക്ടോബറില്‍ സിംബാബ്‌വെയില്‍ ഒരു ട്വന്റി 20 ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നതിന്റെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ വ്യവസായി തന്നെ സമീപിച്ചുവെന്നും തനിക്ക് 15,000 ഡോളര്‍ ഓഫര്‍ ചെയ്‌തെന്നും ടെയ്‌ലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വെളിപ്പെടുത്തി. 

തുടര്‍ന്ന് അയാളുമായി ഒന്നിച്ച് മദ്യപിച്ചുവെന്നും കൊക്കെയ്ന്‍ ഓഫര്‍ ചെയ്തപ്പോള്‍ അത് ഉപയോഗിച്ചുവെന്നും താരം പറഞ്ഞു. അടുത്ത ദിവസം ഇതേയാളുകള്‍ വന്ന് താന്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന വീഡിയോ കാണിച്ച് ഒത്തുകളിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ടെയ്‌ലര്‍ പറയുന്നു.

തുടര്‍ന്ന് 15,000 ഡോളര്‍ നല്‍കി. ഇന്ത്യയില്‍ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ വേണ്ടി ഈ തുക വാങ്ങിയതായും തന്റെയും തന്റെ കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം ഇതുവരെ പറയാതിരുന്നതെന്നും ടെയ്‌ലര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിനു ശേഷം നാലു മാസം കഴിഞ്ഞാണ് താന്‍ ഇക്കാര്യം ഐസിസിയെ അറിയിച്ചതെന്നും ഇത്തരത്തില്‍ അറിയിക്കാന്‍ വൈകിയതിനാലാണ് താന്‍ ഇപ്പോള്‍ വിലക്ക് നേരിടാനൊരുങ്ങുന്നതെന്നും താരം വ്യക്തമാക്കി. അതേസമയം പണം വാങ്ങിയെങ്കിലും താന്‍ യാതൊരു തരത്തിലും ഒത്തുകളിച്ചിട്ടില്ലെന്നും ടെയ്‌ലര്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ ടെയ്‌ലര്‍ തന്റെ 17 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

Content Highlights: zimbabwe cricketer brendan taylor revealed that indian fixers blackmailed him to spot fix

Content Highlights: