ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ വിലക്ക് നീക്കി UWW; താരങ്ങളോട് വിവേചനം കാണിക്കരുതെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (ഡബ്ല്യു.എഫ്.ഐ) ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് നീക്കി ആഗോള ഭരണ സമിതിയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് (യു.ഡബ്ല്യു.ഡബ്ല്യു). ആഭ്യന്തരത്തര്‍ക്കവും കോടതിവ്യവഹാരങ്ങളും കാരണം നിയമക്കുരുക്കിലായ ദേശീയ ഗുസ്തി ഫെഡറേഷനെ തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താത്തതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് 23-നാണ് യു.ഡബ്ല്യു.ഡബ്ല്യു താത്കാലികമായി വിലക്കിയത്.
ചൊവ്വാഴ്ച ഈ വിലക്ക് നീക്കിയ ആഗോള സംഘടന, പ്രതിഷേധമുയര്‍ത്തിയ ഇന്ത്യന്‍ താരങ്ങളായ ബജ്‌റംഗ് പുണിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവര്‍ക്കെതിരേ വിവേചനപരമായ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ ദേശീയ ഫെഡറേഷനോട് നിര്‍ദേശിക്കുകയും ചെയ്തു.
ദേശീയ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് അവലോകനം ചെയ്യുന്നതിനായി ഫെബ്രുവരി ഒമ്പതിന് യു.ഡബ്ല്യു.ഡബ്ല്യു യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം വിലക്ക് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദേശീയ ഗുസ്തി ഫെഡറേഷനു കീഴില്‍ വരുന്ന എല്ലാ മത്സരങ്ങളിലും ഒളിമ്പിക്‌സ് അടക്കമുള്ള പ്രധാന ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുമുള്ള ട്രയല്‍സില്‍ യാതൊരു വിവേചനവുമില്ലാതെ എല്ലാ ഗുസ്തി താരങ്ങള്‍ക്കും പങ്കാളിത്തമുണ്ടാകുമെന്ന് ഫെഡറേഷന്‍ യു.ഡബ്ല്യു.ഡബ്ല്യുവിന് ഉടനടി രേഖാമൂലമുള്ള ഉറപ്പ് നല്‍കണം.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ലൈംഗിക പീഡനക്കേസ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ദേശീയ ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിട്ട് പകരം അഡ്ഹോക് കമ്മിറ്റിയെ ഭരണം ഏല്‍പ്പിച്ചത്. ഏപ്രില്‍ 27-ന് ചുമതലയേറ്റ കമ്മിറ്റി 45 ദിവസത്തിനകം തിരഞ്ഞെടുപ്പുനടത്തി പുതിയ ഭാരവാഹികളെ ഭരണം ഏല്‍പ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് ഭൂപേന്ദര്‍ സിങ് ബാജ്വ അധ്യക്ഷനായ അഡ്ഹോക് കമ്മിറ്റി പലതവണ തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ചെങ്കിലും ഗുസ്തി താരങ്ങളുടെ പ്രതിഷേധവും കോടതിവ്യവഹാരങ്ങളും കാരണം അത് നടന്നില്ല.
മേയ് ഏഴിന് തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍, ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിന്റെയും ബജ്റംഗ് പുണിയയുടെയും സാക്ഷി മാലിക്കിന്റെയും നേതൃത്വത്തില്‍ ഗുസ്തി താരങ്ങള്‍ സമരം പുനരാരംഭിച്ചതോടെ തിരഞ്ഞെടുപ്പ് നീട്ടി. ഇതിനുശേഷം തിരഞ്ഞെടുപ്പ് നടത്താന്‍ അഡ്ഹോക് കമ്മിറ്റി ശ്രമിച്ചെങ്കിലും ഹരിയാണ ഉള്‍പ്പെടെയുള്ള സംസ്ഥാന അസോസിയേഷനുകള്‍ കോടതിയെ സമീപിച്ചതോടെ പിന്നെയും നീണ്ടു. ജൂണില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചെങ്കിലും അതും നടന്നില്ല.
Content Highlights: world wrestling body lifts suspension on india