ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ്: പദ്മശ്രീ ഉപേക്ഷിക്കാൻ ഒളിമ്പ്യന്മാർ

Photo | twitter.com/Sohom03
Photo | twitter.com/Sohom03

ന്യൂഡൽഹി: ബജ്‌റംഗ് പുണിയക്കുപിന്നാലെ, ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ പ്രതിഷേധിച്ച് പദ്മശ്രീ തിരികെ നൽകുമെന്ന പ്രഖ്യാപനവുമായി കൂടുതൽ കായികതാരങ്ങൾ രംഗത്ത്. ‘ഗൂംഗ പെഹൽവാൻ’ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവാണ് മെഡൽ തിരികെനൽകുമെന്ന് പ്രഖ്യാപിച്ചത്. ‘എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകൾക്കുമായി ഞാൻ പദ്മശ്രീ തിരികെ നൽകും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദീ, നിങ്ങളുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലിക്കിനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു’ എന്നും വീരേന്ദർ ശനിയാഴ്ച എക്സിൽ കുറിച്ചു.

എന്നാൽ, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. മെഡൽ ഉപേക്ഷിക്കുന്നതിൽനിന്ന് പിന്തിരിയണമെന്ന് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി കായികമന്ത്രാലയവൃത്തങ്ങൾ പ്രതികരിച്ചു.

ലൈംഗികപീഡനക്കേസിൽ ഉൾപ്പെട്ട ബി.ജെ.പി. എം.പി.യും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചത്. പിന്നാലെ ബജ്റംഗ് പുണിയ പദ്മശ്രീ പതക്കം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ ഉപേക്ഷിച്ചു.

15-ൽ 13-ലും സഞ്ജയ് നേതൃത്വം നൽകിയ പാനൽ വിജയിച്ചിരുന്നു. 50-ൽ നാൽപ്പതുവോട്ടും സഞ്ജയ് സിങ് നേടി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാന ഫെഡറേഷനുകളും ബ്രിജ്ഭൂഷണെ പിന്തുണയ്ക്കുന്നവരാണ്.

പ്രിയങ്ക, സാക്ഷി മാലിക്കുമായി കൂടിക്കാഴ്ചനടത്തി

വിരമിക്കൽ പ്രഖ്യാപിച്ചതിനുപിന്നാലെ സാക്ഷി മാലിക്കിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ഒരു സ്ത്രീയെന്ന നിലയിലാണ് സാക്ഷിയെ കാണാനെത്തിയതെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ പെൺകുട്ടികൾക്ക് സംഭവിച്ചത് വെറുപ്പുളവാക്കുന്നതിനും അപ്പുറമാണെന്നും അവർ വ്യക്തമാക്കി.

രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബജ്‌രംഗ് പുണിയയ്ക്ക് കോൺഗ്രസ് സീറ്റ് വാഗ്ദാനംചെയ്തിരുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്താണ് ജയ്‌പുരിൽവെച്ച് ബജ്‌റംഗിനെ സമീപിച്ചത്. ഹരിയാണയിൽനിന്നുള്ള ഡിസ്കസ് ത്രോ താരം കൃഷ്ണപുണിയയുടെ സിറ്റിങ് സീറ്റായ ചുരു ജില്ലയാണ് ബജ്‌റംഗിന് വാഗ്ദാനംചെയ്തത്. ഈ സീറ്റ് നഷ്ടപ്പെടുമെന്നായിരുന്നു കോൺഗ്രസിന്റെ സർവേ ഫലം. എന്നാൽ, താത്പര്യമില്ലെന്നുപറഞ്ഞ് താരം വാഗ്ദാനം നിരസിച്ചു. കൃഷ്ണ പുണിയ തോൽക്കുകയുംചെയ്തു.

Content Highlights: wfi election, virender singh yadav to return padma shri award