കോലിക്ക് കിട്ടിയത് സാംപയ്ക്ക് അര്‍ഹിച്ച ബഹുമാനം കൊടുക്കാത്തതിനുള്ള പ്രതിഫലം - സ്റ്റീവ് വോ

Photo Courtesy: twitter
Photo Courtesy: twitter

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പഴിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ. ആദം സാംപയ്ക്ക് അര്‍ഹിക്കുന്ന ബഹുമാനം കോലി നല്‍കുന്നില്ലെന്ന് സ്റ്റീവ് വോ പ്രതികരിച്ചു. അതിന് കോലി കൊടുത്ത വിലയാണ് ആദ്യ ഏകദിനത്തിലെ വിക്കറ്റെന്നും വോ കൂട്ടിച്ചേര്‍ത്തു. ഫോക്സ് സ്പോര്‍ട്സിനുവേണ്ടി ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ കമന്ററി നടത്തുന്നതിനിടെയാണ് വോ ഇക്കാര്യം പറഞ്ഞത്. 

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സ്പിന്നര്‍ ആദം സാംപയുടെ പന്തില്‍ ബൗളര്‍ക്ക് തന്നെ ക്യാച്ച് സമ്മാനിച്ചാണ് കോലി പുറത്തായത്. നാലാമനായി ഇറങ്ങിയ കോലി വെറും 16 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആദം സാംപയ്ക്ക് മുന്നില്‍ നാലു തവണയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി മുട്ടുമടക്കിയത്. ഒന്നാം ഏകദിനത്തിലെ വിക്കറ്റടക്കം കരിയറില്‍ ആറുതവണയാണ് സാംപ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാന്റെ വിക്കറ്റ് സ്വന്തമാക്കിയിട്ടള്ളത്. ഇത് മുന്‍നിര്‍ത്തിയാണ് സ്റ്റീവ് വോ വിരാട് കോലിയെ കുറ്റപ്പെടുത്തിയത്.

എന്നാല്‍ ഈയിടെ ആദം സാംപയെക്കുറിച്ച് കോലി വാചാലനായിരുന്നു. 'ബൗണ്ടറികള്‍ വഴങ്ങിയാലും വിക്കറ്റുകള്‍ എടുക്കുന്നതില്‍ സാംപ മിടുക്കനാണ്. ഒരു റിസ്റ്റ് സ്പിന്നറെ സംബന്ധിച്ച് അത് വളരെ പ്രാധാന്യമുള്ളതാണ്. കളിയ്ക്കിടയില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ കൊണ്ടുവരാന്‍ സാംപയ്ക്ക് കഴിയും. അത് മറികടന്ന് ഓസിസിനെതിരെ നന്നായി കളിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' ഏകദിന പരമ്പര തുടങ്ങുന്നതിനുമുന്‍പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം കോലി അറിയിച്ചത്.

ഏകദിനത്തില്‍ ഇതുവരെ സാംപയുടെ 97 പന്തുകളാണ് കോലി നേരിട്ടത്. അതില്‍ നിന്നും താരം 126 റണ്‍സ്  നേടുകയും 4 തവണ പുറത്താകുകയും ചെയ്തു. ട്വന്റി 20 യില്‍ രണ്ടു തവണ സാംപ കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങള്‍ ഫോമിലേക്കുയരാത്ത ആദ്യ ഏകദിനത്തില്‍ പത്തുവിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. മൂന്നുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അടുത്ത മത്സരം ജയിച്ചേതീരൂ.

Content Highlights: virat kohli adam zampa respect steve waugh

Content Highlights: