പാരാലിമ്പിക്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഭവിന പട്ടേല്‍ ഫൈനലില്‍

Photo: twitter.com|Media_SAI
Photo: twitter.com|Media_SAI

ടോക്യോ: ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേല്‍ പാരാലിമ്പിക്‌സിന്റെ ഫൈനലില്‍ പ്രവേശിച്ചു. ക്ലാസ് ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. 

അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭവിന ചൈനീസ് താരത്തെ മറികടന്നത്. സ്‌കോര്‍: 7-11, 11-7, 11-4, 9-11, 11-8. മത്സരം 34 മിനിട്ട് നീണ്ടു. റിയോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് മിയാവോ.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഈ നേട്ടത്തോടെ ഭവിന ഇന്ത്യയ്ക്ക് വേണ്ടി മെഡലുറപ്പിച്ചു. 

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച ഭവിന രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലാം സെറ്റില്‍ ചൈനീസ് താരം തിരിച്ചടിച്ചതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റില്‍ മിയാവോയെ അവിശ്വസനീയമായി കീഴടക്കി ഭവിന ഇന്ത്യയുടെ അഭിമാനമായി മാറി. 

ഫൈനലില്‍ ചൈനയുടെ ഷൗ യിങ്ങിനെയാണ് താരം നേരിടുക. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും മത്സരിച്ചെങ്കിലും ചൈനീസ് താരം ഭവിനയെ കീഴടക്കിയിരുന്നു. 

34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. ഫൈനലില്‍ വിജയം നേടിയാല്‍ ഭവിനയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടമാണ്. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം താരത്തിന് സ്വന്തമാക്കാം. 

Content Highlights: Tokyo Paralympics: Paddler Bhavina Patel Reaches Historic Final, To Fight for Gold

Content Highlights: