ട്രിപ്പിൾ അയേൺമാൻ; 3 മാസം, 3 ഭൂഖണ്ഡം, 3 ട്രയാത്‌ലൺ; ലക്ഷ്യം സ്വന്തമാക്കി സുരേഷ് സാം ചാണ്ടി

തിരുവനന്തപുരം: നീന്തുമ്പോൾ മെക്സിക്കൻ ഉൾക്കടലിലുണ്ടായ വേലിയേറ്റവും സാമിന് തടസ്സമായില്ല. കാരണം, മുന്നിൽ വലിയ ലക്ഷ്യമുണ്ടായിരുന്നു. മൂന്നാംതവണയും ‘അയേൺമാൻ’ ആവുകയെന്ന ലക്ഷ്യം. രണ്ടുമാസത്തിനിടെ മൂന്ന് ഭൂഖണ്ഡങ്ങളിലായി നടന്ന ട്രയാത്‌ലണിൽ മൂന്നുതവണയും അയേൺമാൻ ബഹുമതി നേടിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് സാം ചാണ്ടി. 3.8 കിലോമീറ്റർ നീന്തൽ, 180.2 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ മാരത്തൺ എന്നിവ 17 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാലാണ് അയേൺമാൻ നേട്ടം സ്വന്തമാകുക.
ഒക്ടോബർ ഏഴിന് മലേഷ്യയിലും നവംബർ നാലിന് ഫ്ലോറിഡയിലും ഡിസംബർ മൂന്നിന് ഓസ്‌ട്രേലിയയിലുമാണ് സുരേഷ് അയേൺമാനായത്. മലേഷ്യയിൽ കടുത്ത വെല്ലുവിളി സൈക്ലിങ്ങായിരുന്നുവെന്ന് സാം പറയുന്നു. 1.6 കിലോമീറ്റർ ഉയരമുള്ള മലമുകളിലേക്കാണ് സൈക്കിൾ ചവിട്ടിക്കയറേണ്ടത്. എന്നാൽ, മൂന്ന് ഇനങ്ങളും 16 മണിക്കൂർ 35 മിനിറ്റിൽ പൂർത്തിയാക്കി. പിന്നെ ഫ്ളോറിഡയിലേക്ക്. ‘‘മെക്സിക്കൻ ഉൾക്കടലിലെ വേലിയേറ്റസമയത്തായിരുന്നു നീന്തൽ. മാരത്തണിന് ഇറങ്ങുമ്പോൾ ചുട്ടുപൊള്ളുന്ന ചൂടും. അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇന്ത്യൻ പതാക പാറിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ദൈവാനുഗ്രഹത്താൽ 15 മണിക്കൂർ 21 മിനിറ്റിൽ മത്സരം പൂർത്തിയാക്കി” -സുരേഷ് പറഞ്ഞു.
അടുത്ത യാത്ര ഒാസ്‌ട്രേലിയയിലേക്ക്. അവിടെ 14 മണിക്കൂർ 39 മിനിറ്റിൽ ലക്ഷ്യം പൂർത്തിയാക്കി മൂന്നാംതവണയും അയേൺമാനായി.
2018-ലാണ് ആദ്യമായി ട്രയാത്‌ലണിൽ പങ്കെടുത്തത്. ഡെന്മാർക്കിൽനടന്ന മത്സരത്തിൽ ലക്ഷ്യംനേടിയത് 14 മണിക്കൂർ 9 മിനിറ്റുകൊണ്ട്.
‘‘എല്ലാ ഭൂഖണ്ഡങ്ങളിലും ഇന്ത്യൻ ദേശീയപതാക പാറിക്കുകയാണ് ലക്ഷ്യം. അതിനുള്ള പരിശീലനത്തിലാണിപ്പോൾ. പ്രോട്ടീൻ കൂടുതൽ ലഭിക്കുന്ന ആഹാരക്രമമാണ് പിന്തുടരുന്നത്. എല്ലാദിവസവും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് നീന്തൽപരിശീലനം തുടങ്ങും” -സുരേഷ് പറഞ്ഞു. കവടിയാർ പണ്ഡിറ്റ് കോളനിയിൽ താമസിക്കുന്ന സുരേഷ് തിരുവനന്തപുരത്ത് ഐ.ടി. മേഖലയിൽ ജോലിചെയ്യുന്നു. ജോലിക്കിടെയാണ് മത്സരങ്ങൾക്ക് സമയം കണ്ടെത്തുന്നത്.
Content Highlights: suresh sam chandy, tripple triathlon, malayasia, florida, australia