സംസ്ഥാന സ്കൂൾ കായികമേള; മാതൃഭൂമിയുടെ സ്വർണപതക്കം അനാമിക അജേഷിനും ശ്രീഹരി കരിക്കനും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച കായികതാരങ്ങൾക്ക് മാതൃഭൂമി നൽകുന്ന അരപ്പവന്റെ സ്വർണപതക്കം ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി അനാമിക അജേഷിനും തിരുവനന്തപുരം ജി.വി. രാജ സ്പോർട്ട്സ് സ്കൂളിന്റെ ശ്രീഹരി കരിക്കനും.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ എട്ട് വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്നാണ് അനാമിക സ്വർണം നേടിയത്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ഇരട്ടസ്വർണവുമായി ശ്രീഹരി തിളങ്ങി.
അനാമിക അജേഷ്
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ എട്ടുവർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന അനാമികയുടെ അടുത്ത ലക്ഷ്യം ഡിസംബറിൽ ബ്രസീലിൽ നടക്കുന്ന അന്താരാഷ്ട്ര സ്കൂൾ മീറ്റാണ്. 13.69 സെക്കൻഡിൽ ഓടിയെത്തി 2018-ലെ കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെ അപർണ റോയിയുടെ 13.85 സെക്കൻഡ് എന്ന റെക്കോർഡാണ് തകർത്തത്. 400 മീറ്ററിൽ ഇത്തവണ മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ 26ന് ചെന്നൈയിൽ ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ അനാമിക 100 മീറ്റർ ഹർഡിൽസിൽ സ്വർണവും ഹെപ്റ്റാത്തലണിൽ വെള്ളിയും നേടിയിരുന്നു.
ശ്രീഹരി കരിക്കൻ
ഈ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വന്തം പേരിലുള്ള റെക്കോഡ് അടക്കം രണ്ട് റെക്കോഡുകളാണ് ശ്രീഹരി തിരുത്തിയത്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 52.44 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കഴിഞ്ഞവർഷം ശ്രീഹരി സ്വന്തം പേരിൽ കുറിച്ച 54.14 സെക്കൻഡ് എന്ന റെക്കോഡ് തിരുത്തി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ 47.84 സെക്കൻഡിൽ ഓടിയെത്തി 2017ൽ കോതമംഗലം മാർ ബേസിലിലെ അഭിഷേക് മാത്യുവിന്റെ പേരിലുണ്ടായിരുന്ന 48.88 സെക്കൻഡെന്ന റെക്കോഡും മറികടന്നു.
Content Highlights: Anamika Ajesh won the Mathrubhumi gold medal after breaking an 8-year-old record in the senior girls' 100m hurdles., Srihari Karickan won double gold in junior boys' 400m and 400m hurdles, breaking multiple records., Anamika's next target is the international school meet in Brazil this December.