പ്രൈംവോളിയില്‍ മലയാളി ആശാന്‍മാര്‍

കോഴിക്കോട്: വോളിബോളിന്റെ ആവേശവുമായി പ്രൈംവോളി ലീഗെത്തുമ്പോള്‍ കളി പഠിപ്പിക്കാന്‍ മലയാളി പരിശീലകസംഘം. ഏഴു മലയാളിപരിശീലകരാണ് ഇത്തവണ ലീഗില്‍ തന്ത്രങ്ങളുമായി ടീമിനെ ഒരുക്കുന്നത്.
മുന്‍ ഇന്ത്യന്‍ താരം കിഷോര്‍കുമാറാണ് കാലിക്കറ്റ് ഹീറോസിന്റെ മുഖ്യപരിശീലകന്‍. 1992-2005 കാലത്ത് ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു കിഷോര്‍കുമാര്‍. കോഴിക്കോട്ടുകാരനായ കിഷോര്‍കുമാര്‍ കഴിഞ്ഞ സീസണിലും കാലിക്കറ്റ് ഹീറോസിനൊപ്പമുണ്ടായിരുന്നു. എന്നാല്‍, വോളിബോള്‍ ഫെഡറേഷന്‍ ഉന്നയിച്ച സാങ്കേതികപ്രശ്‌നങ്ങളെത്തുടര്‍ന്ന് മുഖ്യപരിശീലകനാകാന്‍ കഴിഞ്ഞിരുന്നില്ല. പകരം മെന്ററായി ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശി സി.വി. നജീബാണ് കാലിക്കറ്റ് ഹീറോസിന്റെ സഹപരിശീലകന്‍. പത്തുവര്‍ഷത്തോളം കാലിക്കറ്റ് സര്‍വകലാശാല ടീമിനെ പരിശീലിപ്പിച്ച പരിചയം നജീബിനുണ്ട്.
ദേശീയ ടീമിന്റെ മുന്‍ പരിശീലകന്‍ സണ്ണി ജോസഫാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ടിന്റെ മുഖ്യപരിശീലകന്‍. വനിത, പുരുഷ, ജൂനിയര്‍ വിഭാഗങ്ങളിലായി 13 തവണ ദേശീയടീമിന്റെ പരിശീലകനായി. സംസ്ഥാനടീമിന്റെ പരിശീലകനായി ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സണ്ണി ജോസഫ്, ആദ്യമായാണ് ലീഗിലെത്തുന്നത്. ആലുവ സ്വദേശിയാണ്.
സര്‍വീസസിന്റെ മുന്‍ മലയാളിതാരം സിജു കെ. ജോസാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ടിന്റെ സഹപരിശീലകന്‍. ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പരിശീലകനായിരുന്നു. നേവി, സൈനിക ടീമുകള്‍ക്കുവേണ്ടി കളിക്കാരനായും തിളങ്ങി. ആലപ്പുഴ ചേന്നങ്കരി സ്വദേശിയാണ്.
സൂപ്പര്‍താരം ടോം ജോസഫ് ഹൈദരാബാദ് ബ്ലാക്ക് ഹാക്ക്‌സിന്റെ സഹപരിശീലകനാണ്. ലീഗില്‍ ആദ്യമായാണ് അദ്ദേഹം പരിശീലകറോളിലെത്തുന്നത്. നിലവില്‍ കൊച്ചി ഭാരത് പെട്രോളിയം ടീമിനെ പരിശീലിപ്പിക്കുന്നു.
തിരുവനന്തപുരം സ്വദേശി എസ്.ടി. ഹരിലാല്‍, ഇടുക്കിക്കാരന്‍ ബോബി സേവ്യര്‍ എന്നിവര്‍ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ സഹപരിശീലകരായുണ്ട്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് ബ്ലാക്ക് ഹാക്ക്‌സിന്റെ സഹപരിശീലകനായിരുന്ന ഹരിലാല്‍ ഇത്തവണ ബ്ലൂ സ്‌പൈക്കേഴ്‌സിലേക്കു മാറി. മുന്‍ സര്‍വീസസ് താരമായ ബോബി സേവ്യര്‍ കൊച്ചിന്‍ കസ്റ്റംസ്, ഇന്ത്യന്‍ നേവി ടീമുകളുടെ മുഖ്യ പരിശീലകനായിരുന്നു.
Content Highlights: Seven trainers from Kerala will be part of Prime Volley League
Content Highlights: