ഗുസ്തി ഫെഡറേഷൻ; ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ് പ്രസിഡന്റ്; മധ്യപ്രദേശ് മുഖ്യമന്ത്രി തോറ്റു

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തു. ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ ഒളിമ്പിക് ഭവനിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
47 വോട്ടുകളില്‍ 40 വോട്ടും നേടിയാണ് അദ്ദേഹം വിജയിച്ചത്. അതേ സമയം മുന്‍ ഗുസ്തി താരവും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹന്‍ യാദവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി
ഇതോടെ ഗുസ്തി ഫെഡറേഷന് രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും. ഓഗസ്റ്റിനകം തിരഞ്ഞെടുപ്പ് നടത്താതിരുന്നതിനാല്‍ രാജ്യാന്തര റെസ്ലിങ് സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് (ഡബ്ല്യൂ.യു.യു.) ഡബ്ല്യൂ.എഫ്.ഐ.യെ വിലക്കിയിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫെഡറേഷന്റെ മുന്‍ തലവനും ബി.ജെ.പി. എം.പി.യുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളുടെയും ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച തിരഞ്ഞെടുപ്പാണിത്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തെ ബ്രിജ് ഭൂഷന്റെ 12 വര്‍ഷത്തെ വാഴ്ചയ്ക്ക് അവസാനമായി. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്നാരോപിച്ച് രാജ്യത്തെ പ്രധാന ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തെത്തുടര്‍ന്നാണ് ബ്രിജ്ഭൂഷണ് തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നത്.
ബ്രിജ് ഭൂഷന്റെ കുടുംബാംഗങ്ങളെയോ സഹായികളെയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കിയ മുന്‍നിര ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ ബ്രിജ് ഭൂഷന്റെ മകന്‍ പ്രതീകും മരുമകന്‍ വിശാല്‍ സിങ്ങും മത്സരിക്കാന്‍ സാധിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ അടുപ്പക്കാരനെന്ന് പറയപ്പെടുന്ന സഞ്ജയ് സിങ്ങാണ് പിന്‍ഗാമിയായെത്തുന്നത്.
Content Highlights: sanjay Singh elected new president of wrestling federation of india