ചരിത്ര നേട്ടം സ്വന്തമാക്കിയ ഭവിനയെ അനുമോദിച്ച് രാജ്യം

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സിലെ വനിതാ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഭവിന ബെന്‍ പട്ടേലിനെ അനുമോദിച്ച് രാജ്യം. പ്രസിഡന്റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയുമുള്‍പ്പെടെയുള്ളവര്‍ ഭവിനയ്ക്ക് അനുമോദനങ്ങളുമായി രംഗത്തെത്തി.
ഇന്ത്യയ്ക്ക് വേണ്ടി പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ടേബിള്‍ ടെന്നീസ് താരമാണ് ഭവിന. ഫൈനലില്‍ ചൈനയുടെ യിങ് ഷോവിനോട് തോല്‍വി വഴങ്ങിയതോടെയാണ് താരം വെള്ളി മെഡല്‍ നേടിയത്.
പാരാലിമ്പിക്‌സില്‍ വെള്ളി നേടിയതോടെ ഭവിന സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെടുന്ന ഏവരെയും പ്രചോദിപ്പിച്ചുവെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് അറിയിച്ചു. ഭവിനയുടെ കഴിവും അര്‍പ്പണ മനോഭാവവും ഇന്ത്യയ്ക്ക് അഭിമാനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭവിന ചരിത്രം കുറിച്ചുവെന്നും അവരുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭവിനയുടെ നേട്ടം വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും കൂടുതല്‍ യുവപ്രതിഭകളെ കായികലോകത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ ഭവിന മികച്ച പ്രകടനം പുറത്തെടുത്തെന്നും അതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ് തുടങ്ങിയവരും ഭവിനയ്ക്ക് അനുമോദനങ്ങളുമായി രംഗത്തെത്തി.
Content Highlights: PM Modi, Abhinav Bindra and others hail Bhavina Patel after historic silver medal at Paralympics 2020
Content Highlights: